ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിച്ചതിന് പിന്നാലെ രാജ്യാന്തര നിലവാരമുള്ള വിമാനത്താവളം പണിയാന്‍ യോഗി സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ഭൂസര്‍വ്വെ നടപടികള്‍ പൂര്‍ത്തിയായി. ഇതിനായി 525 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ലോകത്തെ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ സാധിക്കുന്ന വിധമായിരിക്കും ക്രമീകരണങ്ങള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.
രാമക്ഷേത്രം നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരുടെ ശ്രദ്ധാകേന്ദ്രമായി അയോധ്യ മാറുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. വിമാനത്താവളത്തിന്റെ പ്ലാന്‍ ബന്ധപ്പെട്ട അതോറിറ്റിയുടെ അനുമതിക്കായി ഉടന്‍ സമര്‍പ്പിക്കും.
രാമന്റെ പേരിലാണ് വിമാനത്താവളം വരിക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. വിമാനത്താവളത്തിന്റെ നിര്‍മാണം 2021 ഡിസംബറില്‍ പൂര്‍ത്തിയാക്കാനാണ് യോഗി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്
ആഭ്യന്തര-രാജ്യാന്തര വിമാനങ്ങളുടെ സര്‍വീസ് തുടക്കം മുതല്‍ അയോധ്യ വിമാനത്താവളത്തിലുണ്ടാകും. അയോധ്യ റെയില്‍വെ സ്റ്റേഷന്‍ വിപുലീകരിക്കാനും അയോധ്യയും ക്ഷേത്രം നില്‍ക്കുന്ന മേഖലയും നവീകരിക്കാനും യോഗി സര്‍ക്കാര്‍ ഫണ്ട് വകയിരുത്തിയിട്ടുണ്ട്.