ന്യൂഡല്‍ഹി: മുംബൈയില്‍ എയര്‍ഇന്ത്യയുടെയും വിസ്താരയുടെയും വിമാനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കാനായത് തലനാരിഴയ്ക്ക്. മുംബൈ വ്യോമപാതയിലായിരുന്നു വന്‍ ദുരന്തമാകുമായിരുന്ന സംഭവം നടന്നത്. മുംബയില്‍ നിന്ന് ഭോപ്പാലിലേക്ക് പോയ എയര്‍ഇന്ത്യയുടെ എ.ഐ 631 വിമാനവും, ഡല്‍ഹിയില്‍ നിന്ന് പൂനെയിലേക്ക് പറക്കുകയായിരുന്ന വിസ്താരയുടെ എ 320 നിയോ വിമാനവും തമ്മിലുള്ള കൂട്ടിയിടിയാണ് തലനാരിഴയ്ക്ക് ഒഴിവായത്.
എതിര്‍ദിശയില്‍ പോകുന്ന രണ്ടു വിമാനങ്ങള്‍ ഒരേ സമയം അടുത്തടുത്ത് വരികയായിരുന്നു. സംഭവത്തെ തുടര്‍ന്ന് വിസ്താരയുടെ രണ്ട് പൈലറ്റുമാരെ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ജോലിയില്‍ നിന്ന് മാറ്റി. എന്നാല്‍, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) നിര്‍ദേശമനുസരിച്ചാണ് 27,000 അടിയില്‍ വിമാനം പറത്തിയതെന്നു വിസ്റ്റാര വൃത്തങ്ങള്‍ അറിയിച്ചു.
152 യാത്രക്കാരാണു വിസ്റ്റാരയില്‍ ഉണ്ടായിരുന്നത്. 29,000 അടിയില്‍ പറക്കാനായിരുന്നു ഇവര്‍ക്കു നല്‍കിയിരുന്ന നിര്‍ദേശം. എന്നാല്‍ പിന്നീട് യുകെ-997 27,100 അടിയിലേക്കു താഴുകയായിരുന്നു. കേവലം 100 അടിയുടെ വ്യത്യാസം മാത്രമേ 2.8 കിലോമീറ്റര്‍ ദൂരത്തില്‍ ഇരു വിമാനങ്ങള്‍ തമ്മിലും ഉണ്ടായിരുന്നുള്ളൂ. ഉടന്‍ തന്നെ ട്രാഫിക് കൊളിഷന്‍ അവോയ്ഡന്‍സ് സിസ്റ്റത്തിലെ (ടിസിഎഎസ്) അലാം മുഴങ്ങാന്‍ തുടങ്ങി. ഇരു വിമാനങ്ങളിലെ കോക്പിറ്റിലും മുന്നറിയിപ്പെത്തി. ഇതേത്തുടര്‍ന്നു പൈലറ്റുമാര്‍ ഇടപെട്ടു കൂട്ടിയിടി ഒഴിവാക്കുകയായിരുന്നു. 2.8 കിലോമീറ്റര്‍ എന്നു പറയുന്നത് സെക്കന്റുകള്‍ക്കുള്ളില്‍ എത്തുന്ന ദൂരമാണെന്നും, അതുകൊണ്ടു തന്നെ വ്യോമയാന ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ ദുരന്തമാണ് ഒഴിവായതെന്നും സംഭവത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.