തിരുവനന്തപുരം: കേരളത്തിന്റെ പൊതു ആവശ്യങ്ങള്‍ക്കായി എംപിമാര്‍ പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്‍ക്കരണത്തില്‍ സംസ്ഥാനത്തിന്റെ പ്രതിഷേധം പാര്‍ലമെന്റില്‍ ഒറ്റക്കെട്ടായി ഉന്നയിക്കാനും എംപിമാരുടെ യോഗത്തില്‍ തീരുമാനമായി. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി വിളിച്ച ഓണ്‍ലൈന്‍ യോഗത്തില്‍ ശശി തരൂര്‍ എംപി മാത്രമാണ് തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണത്തെ അനുകൂലിച്ചത്.
സംസ്ഥാനത്തിന് ജിഎസ്ടി വിഹിതമായി കിട്ടേണ്ട 7000 കോടി ലഭ്യമാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. മൊറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടണമെന്നും ബിപിസിഎല്‍ സ്വകാര്യവല്‍ക്കരിക്കരുതെന്നും എംപിമാര്‍ പാര്‍ലമെന്റില്‍ ആവശ്യമുന്നയിക്കാനും തീരുമാനിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ സമര പോരാളികളെ കുറിച്ചുളള നിഘണ്ടുവില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഒഴിവാക്കിയ നടപടി പിന്‍വലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാനും തീരുമാനമായി.