ഇനി കുറച്ചു ചിരിച്ചാൽ മതി; നിർദേശം എയർപോർട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥർക്ക്

CISF

ന്യൂഡൽഹി: ഇനി എയർപോർട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് വലിയ ചിരി സമ്മാനിക്കേണ്ടി വരില്ല. വലിയ പുഞ്ചിരി സമ്മാനിച്ചാൽ ചിലപ്പോ പണി പോവുകയും ചെയ്യും. ഇനി മുതൽ കുറച്ചു ചിരിച്ചാൽ മതി എന്നാണ് പുതിയ ഉത്തരവ്. വലിയ വിശാലമായ ചിരിക്ക് പകരം, ഇനി മിതമായ ചിരി മാത്രം മതിയെന്നാണ് സെൻട്രൽ ഇന്‍ഡസ്ട്രിയല്‍ സെക്ക്യൂരിറ്റി ഫോഴ്സ് ഉദ്യോഗസ്ഥർക്ക് നൽകിയ ഉത്തരവ്.

കുറച്ചു ചിരിച്ചാൽ മതിയെന്ന ഉത്തരവിന് പിന്നിലെ കാര്യവും സി. ഐ. എസ്. എഫ് വ്യക്തമാക്കി. സുരക്ഷാ ഉദ്യോഗസ്ഥർ, സുഹൃദപരമായിരിക്കുന്നതിലും കൂടുതൽ അവർ ജാഗ്രതയോടെ ഇരിക്കണം എന്നാണ് ഉയർന്ന ഉദ്യോഗസ്ഥരുടെ വിശദീകരണം. സുരക്ഷയാണ് ഇവരുടെ പ്രധാന ധർമ്മം, എന്നും ആ ധർമത്തിന് തന്നെയാണ് ആദ്യം പ്രാധാന്യം നൽകേണ്ടതെന്നും ഓർമ്മപ്പെടുത്തികൊണ്ടാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

യാത്രക്കാരോട് അധികം സൗഹൃദം കാണിക്കാൻ തങ്ങൾക്ക് കഴിയില്ലെന്നും, സുരക്ഷാ പ്രവർത്തനങ്ങൾക്ക് മുൻ‌തൂക്കം നൽകാനാണ് തങ്ങൾ ഉദ്ദേശിക്കുന്നതെന്നും സെൻട്രൽ ഇന്‍ഡസ്ട്രിയല്‍ സെക്ക്യൂരിറ്റി ഫോഴ്സ്(സി. ഐ. എസ്. എഫ്)-ന്റെ ഡയറക്ടർ ജനറലായ രാജേഷ് രഞ്ജൻ പറഞ്ഞു.

അന്താരാഷ്ട്ര കൺസൾട്ടന്റുകളുടെ സഹായത്തോടെ പെരുമാറ്റ വിശകലനത്തിനുള്ള ഒരു ട്രെയിനിങ്ങും സുരക്ഷാ ഉദ്യോഗസ്ഥർക്കായി ക്രമീകരിക്കുന്നുണ്ട് എന്ന് രഞ്ജൻ കൂട്ടി ചേർത്തു. കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടയിൽ യാത്രക്കാരുടെ എണ്ണത്തിൽ ആറ്‌ മടങ്ങു ഉയർച്ചയാണ് കാണാൻ കഴിഞ്ഞത്. മികച്ച സേവനവും കുറഞ്ഞ നിരക്കും ഈ മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ്. എന്നാൽ സർവീസുകൾ മെച്ചപ്പെടുത്താനും സുരക്ഷ വർദ്ധിപ്പിക്കാനും ഒക്കെയായി എയർപോർട്ടുകൾ വലിയ രീതിയിൽ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് പുതിയ ഇത്തരം മാറ്റങ്ങൾ.

Top