മലയാളത്തില്‍ ഡിജിറ്റല്‍ കെയര്‍ സംവിധാനമൊരുക്കി എയര്‍ടെല്‍

airtel

കൊച്ചി: കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി മലയാളത്തില്‍ ഡിജിറ്റല്‍ കെയര്‍ സംവിധാനമൊരുക്കി മുന്‍നിര ടെലികോം ഓപ്പറേറ്ററായ എയര്‍ടെല്‍.

എയര്‍ടെല്‍ റീടെയില്‍ സ്റ്റോര്‍ സന്ദര്‍ശിക്കുകയോ ഉപഭോക്തൃസഹായകേന്ദ്രവുമായി ബന്ധപ്പെടുകയോ ചെയ്യാതെ തന്നെ അവശ്യവിവരങ്ങള്‍ മലയാളത്തില്‍ ലഭ്യമാക്കുന്നതാണ് പുതിയ സംവിധാനം.

അക്കൗണ്ട് ബാലന്‍സ്, വാലിഡിറ്റി തുടങ്ങിയ അടിസ്ഥാനവിവരങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കുവാന്‍ ഇതു വഴി സാധിക്കും.

ഉപഭോക്താക്കളുടെ സംതൃപ്തിയാണ് എയര്‍ടെലിന് എക്കാലവും പ്രധാനമെന്നും ഉപഭോക്താക്കള്‍ക്കു ലഭിക്കുന്ന സേവനത്തിന്റെ നിലവാരമുയര്‍ത്തുന്നതില്‍ കമ്പനി പ്രത്യേകശ്രദ്ധ പതിപ്പിക്കുന്നുണ്ടെന്നും ഭാരതി എയര്‍ടെല്‍ കേരള, തമിഴ്‌നാട് ഹബ് സി ഇ ഒ ജോര്‍ജ് മാത്തന്‍ പറഞ്ഞു.

മലയാളത്തിലുള്ള *121# സെല്‍ഫ് കെയര്‍ കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് സഹായകമാകുമെന്നും അടിസ്ഥാനവിവരങ്ങള്‍ക്കായി സെല്‍ഫ് കെയര്‍ ഉപയോഗിക്കുന്നത് പുതിയ സംവിധാനം പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൊബൈലില്‍ *121# ഡയല്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന നാവിഗേഷന്‍ മെനു വഴി പ്രീപെയ്ഡ് നമ്പറിനെ സംബന്ധിച്ച വിവരങ്ങള്‍ ഇനി മുതല്‍ താത്പര്യമുള്ള ഭാഷയില്‍ ലഭ്യമാകും.

ബാലന്‍സ് തുക, റീചാര്‍ജ് സാധുതാകാലയളവ്, കഴിഞ്ഞ ഏതാനും ഇടപാടുകളുടെ വിവരങ്ങള്‍, നിലവിലുള്ള ഓഫറുകള്‍ തുടങ്ങിയവയാണ് *121# ഡയല്‍ ചെയ്യുക വഴി മലയാളത്തില്‍ ലഭ്യമാകുന്നത്.

കൂടാതെ ഇത്തരത്തില്‍ മൂല്യവര്‍ദ്ധിതസേവനങ്ങള്‍ ആക്ടിവേറ്റ് ചെയ്യാനും ഡിയാക്ടിവേറ്റ് ചെയ്യാനും സാധിക്കും.

സൗജന്യമായി ലഭിക്കുന്ന ഈ സേവനത്തിന് ഡേറ്റ കണക്ഷന്‍ ആവശ്യമില്ല. എല്ലാ സ്മാര്‍ട്ട്‌ഫോണിലും പ്രാദേശികഭാഷകള്‍ ലഭ്യമായ എല്ലാ ഫീച്ചര്‍ഫോണുകളിലും ഈ സംവിധാനം ലഭ്യമാണ്.

Top