ന്യൂഡല്‍ഹി: നെറ്റ്‌വര്‍ക്ക് വിപുലീകരണത്തിനായി അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 32,000 കോടി രൂപയിലധികം ചെലവഴിക്കാന്‍ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍ പദ്ധതിയിടുന്നു.
ഇതിലൂടെ വരുമാന വിപണി വിഹിതത്തില്‍ മൂന്ന് മുതല്‍ നാല് ശതമാനം വരെ നേട്ടമുണ്ടാക്കാനാണ് എയര്‍ടെല്‍ ലക്ഷ്യമിടുന്നത്.
ശരാശരി ഉപഭോക്തൃ വരുമാനം (എആര്‍പിയു) സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിനാല്‍ കമ്പനി കൂടുതല്‍ നിരക്ക് കുറയ്ക്കാന്‍ സാധ്യതയില്ലെന്നും, റിലയന്‍സ് ജിയോ ക്രമേണ താരിഫ് നിരക്ക് ഉയര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എയര്‍ടെല്‍ എക്‌സിക്യൂട്ടീവുകള്‍ പറയുന്നു.
ഡാറ്റ ശൃംഖല വിപുലീകരിക്കുന്നതിനും സ്‌പെക്ട്രം വാങ്ങലിനുള്ള ചെലവിടല്‍ കുറയ്ക്കുന്നതിനും പുതിയ നിക്ഷേപം സഹായകമാകുമെന്നാണ് എയര്‍ടെല്‍ പ്രതീക്ഷിക്കുന്നത്.
ഈ വര്‍ഷം 16,000 മുതല്‍ 17,000 കോടി രൂപ വരെയാണ് കമ്പനി ചെലവഴിക്കുന്നതെന്നും ഇത് അടുത്ത കുറച്ചുവര്‍ഷത്തേക്കുള്ള പ്രകടനത്തില്‍ പ്രതിഫലിക്കുമെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.
4ജി സേവന വിഭാഗത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം ഡാറ്റ കവറേജ് വിപുലീകരിക്കുന്നതിനുള്ള ഭീമമായ നിക്ഷേപ പദ്ധതികളും മുന്‍നിര ടെലികോം കമ്പനികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
ടെലികോം സേവനങ്ങളുടെ താരിഫ് ഏറ്റവും താഴ്ന്ന തലത്തിലാണ്. ഇതിലും താഴേക്ക് പോകാന്‍ കഴിയില്ലെന്നും, അടുത്ത ഒന്‍പതോ പന്ത്രണ്ടോ മാസത്തേക്ക് ഇതേ നിരക്ക് തുടരുമെന്നുമാണ് എയര്‍ടെല്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
നിലവിലുള്ള സാഹചര്യം വച്ച് നോക്കുമ്പോള്‍ ഒരു വര്‍ഷത്തിനു ശേഷം മാത്രമെ നിരക്ക് വര്‍ധിക്കാന്‍ തുടങ്ങുകയുള്ളുവെന്നാണ് വിലയിരുത്തപ്പെടുന്നത്.