ന്യൂഡല്‍ഹി: 5ജി സേവനം പ്രയോജനപ്പെടുത്തുന്നതിനായി കൈകോര്‍ക്കാനൊരുങ്ങി എയര്‍ടെലും നോക്കിയയും.
ഇതിനായി ഭാരതി എയര്‍ടെല്‍ നോക്കിയയുമായി 7,636 കോടി രൂപയുടെ കരാറിലാണ് എത്തിയിരിക്കുന്നത്. രാജ്യത്തെ ഒമ്പത് സര്‍ക്കിളുകളിലായാണ് 5 ജി സേവനം ആദ്യം നടപ്പാക്കുക.
നോക്കിയയാണ് എയര്‍ടെല്‍ നെറ്റ് വര്‍ക്കിന് നിലവില്‍ തന്നെ 4ജിക്കുള്ള സാങ്കേതിക സേവനം നല്‍കിവരുന്നത്. മൂന്നു ലക്ഷം റേഡിയോ യൂണിറ്റുകള്‍ സ്ഥാപിച്ച് 2022ഓടെ ഈ സര്‍ക്കിളുകളില്‍ 5ജി സേവനം നല്‍കാനാണ് കരാര്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.
ലോകത്തിലെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ ടെലികോം വിപണിയാണ് ഇന്ത്യ. 2025ഓടെ 92 കോടി മൊബൈല്‍ ഉപഭോക്താക്കള്‍ രാജ്യത്തുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്. ഇതില് 8.8 കോടിപേരും 5ജി യാകും ഉപയോഗിക്കുകയെന്നും വിലയിരുത്തപ്പെടുന്നു.