ഞാന്‍ പ്രണയത്തിലാവാന്‍ കാരണക്കാരന്‍, എന്റെ പ്രിയപ്പെട്ട മണി സാറിന് ജന്മദിനാശംസകള്‍

ലയാള സിനിമയില്‍ വളരെപ്പെട്ടന്ന് തന്നെ പ്രേക്ഷക പ്രീതി നേടിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. മായാനദിയിലെ അപ്പു ഇന്നും നമ്മുടെ മനസ്സുകളില്‍ മായാതെ നില്‍ക്കുന്ന കഥാപാത്രമാണ്. ഇപ്പോഴിതാ മോളിവുഡില്‍ നിന്ന് കോളിവുഡിലേയ്ക്ക് ചുവട് ഉറപ്പിച്ചിരിക്കുന്ന താരം സംവിധായകന്‍ മണിരത്‌നത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ്.

താന്‍ പ്രണയവുമായും സിനിമയുമായും പ്രണയത്തിലാവാന്‍ കാരണം മണിരത്‌നമാണെന്ന് ഐശ്വര്യ പറയുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ആശംസ അറിയിച്ചത്.

‘എന്റെ പ്രിയപ്പെട്ട മണി സാറിന് ജന്മദിനാശംസകള്‍, പ്രണയവുമായും സിനിമയുമായും ഞാന്‍ പ്രണയത്തിലാവാന്‍ കാരണക്കാരന്‍. അദ്ദേഹത്തിന്റെ സെറ്റിലേക്ക് തിരിച്ചെത്താന്‍ കാത്തിരിക്കാനാവില്ല. അദ്ദേഹത്തെ ഒന്ന് കാണാന്‍, അടുത്തുണ്ടാവാന്‍, ഏയ് ബുദ്ധിശാലീസ് എന്ന വിളി കേള്‍ക്കാന്‍, അദ്ദേഹത്തിന്റെ ആ മാജിക്കിന് സാക്ഷ്യം വഹിക്കാന്‍. അദ്ദേഹത്തിനായി പ്രാര്‍ത്ഥിക്കുന്നു ഇന്നും എന്നും’ ഐശ്വര്യ കുറിച്ചു.

മണിരത്‌നം സംവിധാനം ചെയ്യുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രം പൊന്നിയില്‍ സെല്‍വത്തില്‍ ഐശ്വര്യയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിക്രം, ഐശ്വര്യ റായ് ബച്ചന്‍, ജയം രവി, കാര്‍ത്തി, വിക്രം പ്രഭു, തൃഷ, ജയറാം, , അശ്വന്‍ കാകുമാനു, ശരത് കുമാര്‍, പ്രഭു, കിഷോര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. വിജയ് സേതുപതിയും ചിത്രത്തിന്റെ ഭാഗമായേക്കും.

മണിരത്‌നവും കുമാരവേലും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ സംഗീതം എ.ആര്‍ റഹ്മാനാണ്. മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന കൃതിയെ ആധാരമാക്കിയാണ് മണിരത്‌നം ഈ ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നത്. ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മനെ കുറിച്ചുള്ളതാണ് ഈ കൃതി. മണിരത്‌നത്തിന്റെ സ്വപ്നപദ്ധതിയാണ് ഈ ചിത്രം.

Top