ആ അപൂര്‍വ്വ ഭാഗ്യം ലഭിച്ചത് മലയാളി ഐ.പി.എസ് മിടുക്കിക്ക് . . .

റ്റു സംസ്ഥാനങ്ങളിലുള്ള പൊലീസുകാര്‍ക്ക് പല ഘട്ടങ്ങളിലും മാതൃകയാകാറുള്ളത് മലയാളികളായ ഐ.പി.എസ് ഉദ്യോഗസ്ഥരാണ്. ഇപ്പോള്‍ വീണ്ടും ദേശീയ മാധ്യമങ്ങളില്‍ അടക്കം ഇടം നേടി കേരളത്തെ അഭിമാനത്തിന്റെ നെറുകയില്‍ എത്തിച്ചിരിക്കുകയാണ് മലയാളിയായ ഐശ്വര്യ സാഗര്‍ ഐ.പി.എസ്.

രാഷ്ട്രപതിക്കുമുമ്പില്‍ ധൈര്യത്തോടെ പ്രസംഗിച്ചാണ് ഈ ഐ.പി.എസുകാരി രാജ്യ ശ്രദ്ധ പിടിച്ച് പറ്റിയത്. ഐ.പി.എസ് ട്രെയിനിംഗ് പൂര്‍ത്തികരിച്ചവര്‍ക്കായി രാഷ്ട്രപതി ഭവനില്‍ നടന്ന കോള്‍ഓണ്‍ ചടങ്ങിലാണ് ഐശ്വര്യ തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചത്. ഐശ്വര്യയുടെ ട്രെയിനിംഗ് ബാച്ചിനെ പ്രതിനിധീകരിച്ചായിരുന്നു മൂന്ന് മിനുറ്റ് ദൈര്‍ഘ്യമുള്ള പ്രസംഗം അവതരിപ്പിച്ചത്. എന്നാല്‍ തന്റെ ജീവിതത്തിലെ മറക്കാനാകാത്ത നിമിഷമാണ് ഇതെന്നും ഏറെ പ്രയാസം നിറഞ്ഞ ട്രെയിനിംഗ് സമയത്തെ കഷ്ടപാടുകള്‍ക്ക് വില ലഭിച്ചത് ഈ അവസരത്തിലൂടെയാണെന്നും ഐശ്വര്യ പറഞ്ഞു.

സിവില്‍ സര്‍വ്വീസ് ട്രെയിനിംഗ് കഴിഞ്ഞ ശേഷം രാഷ്ട്രപതിയുമായി ബാച്ചിലുള്ളവര്‍ കൂടിക്കാഴ്ച്ച നടത്തും. ഈ ചടങ്ങാണ് കോള്‍ഓണ്‍ എന്നറിയപ്പെടുന്നത്. ട്രെയിനിംഗ് പൂര്‍ത്തീകരിക്കുമ്പോള്‍ നാഷ്ണല്‍ പൊലീസ് അക്കാദമിയാണ് പ്രസംഗിക്കേണ്ടവരെ തിരഞ്ഞെടുക്കുന്നത്. രാഷ്ട്രപതിക്കു മുന്നില്‍ സംസാരിക്കുവാനുള്ള അപൂര്‍വ്വ അവസരം ലഭിച്ച രണ്ടാമത്തെ മലയാളിയാണ് ഐശ്വര്യ സാഗര്‍. മുമ്പ് മലയാളിയായ ചൈത്ര തെരേസ ജോണ്‍ സംസാരിച്ചിരുന്നു. ട്രെയിനിംഗ് പൂര്‍ത്തീകരിച്ച ഐശ്വര്യ സാഗര്‍ വെസ്റ്റ് ബംഗാള്‍ കേഡറില്‍ എ.സി.പിയായി ചുമതലയേല്‍ക്കും. 129 പേരുള്‍പ്പെടുന്ന 2018 ബാച്ചിനെ പ്രതിനിധീകരിച്ച് രാഷ്ട്രപതിക്കുമുമ്പില്‍ അനുഭവങ്ങള്‍ പങ്കുവെക്കാന്‍ അവസരം ലഭിച്ചത് നാല് ഐ.പി.എസുകാര്‍ക്കായിരുന്നു. അവരില്‍ രണ്ട് പേര്‍ ഇംഗ്ലീഷിലും രണ്ട് പേര്‍ ഹിന്ദിയിലുമാണ് പ്രസംഗിച്ചത്.

തിരുവനന്തപുരം ശാസ്തമംഗലം സ്വദേശിയാണ് ഐശ്വര്യ. ഡല്‍ഹി ലേഡി ശ്രീറാം കോളജില്‍ നിന്നുമാണ് ഇക്കണോമിക്‌സ് ആന്‍ഡ് ഹിസ്റ്ററിയില്‍ ബിരുദം നേടിയത്. വീട്ടുകാരുടെ പിന്തുണയാണ് തന്നെ ഇവിടെ എത്തിച്ചത് എന്നാണ് ഐശ്വര്യ പറയുന്നത്.

Top