വിരമിക്കല്‍ പ്രഖ്യാപിച്ച് അജന്താ മെന്‍ഡിസ്

കൊളംബോ: ശ്രീലങ്കന്‍ സ്പിന്നര്‍ അജന്ത മെന്‍ഡിസ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ശീലങ്കയ്ക്കായി 19 ടെസ്റ്റ്, 87 ഏകദിനം, 39 ടി20യും കളിച്ച താരമാണ് മെന്‍ഡിസ്. 288 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 2015 ഡിസംബറിലായിരുന്നു അവസാനമായി മെന്‍ഡിസ് ശ്രീലങ്കയ്ക്കായി കളിച്ചത്.

2008ലെ ഏഷ്യാകപ്പ് ഫൈനലിലാണ് മെന്‍ഡിസ് എന്ന ബൗളറെ ലോകം തിരിച്ചറിഞ്ഞത്. ഇന്ത്യക്കെതിരായ മത്സരത്തില്‍ ആറ് വിക്കറ്റുകളാണ് മെന്‍ഡിസ് വീഴ്ത്തിയത്.

മെന്‍ഡിസിന്റെ ബോളിനു മുന്നില്‍ പതറിപോയ ഇന്ത്യന്‍ ബാറ്റിംഗ് നിര ഇന്നും പലരുടേയും മനസ്സിലുണ്ടാകും. അന്ന് 6 ഇന്ത്യന്‍ വിക്കറ്റ് നേടിയാണ് മെന്‍ഡിസ് ആഘോഷിച്ചത്. ആ വര്‍ഷം 18 മത്സരങ്ങളില്‍ നിന്നായി 48 വിക്കറ്റുകള്‍ നേടി.

മെന്‍ഡിസിന്റെ കാരംബോളിന് മുന്നില്‍ അന്ന് സെവാഗും ഗംഭീറുമടങ്ങുന്ന പ്രതിഭാസമ്പന്നരായ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ക്ക് പിടിച്ചുനില്‍ക്കാനായിരുന്നില്ല.അന്ന് ഏഷ്യാകപ്പ് കിരീടവും ശ്രീലങ്കയ്ക്കായിരുന്നു.

എന്നാല്‍ ഏഷ്യാകപ്പിലെ ഫോം പിന്നീട് നിലനിര്‍ത്താന്‍ മെന്‍ഡിസിനായില്ല. ആ വര്‍ഷം നല്ല രീതിയില്‍ പന്തെറിഞ്ഞെങ്കിലും താരത്തിന്റെ ബൗളിങ് രീതി ബാറ്റ്സ്മാന്മാര്‍ റീഡ് ചെയ്തതോടെ താളവും നഷ്ടപ്പെട്ടിരുന്നു.

ടി20 യില്‍ 6 വിക്കറ്റ് നേട്ടം 2 തവണ സ്വന്തമാക്കിയ താരമാണ് അജന്ത മെന്‍ഡിസ്. 3 ഫോര്‍മാറ്റിലും 6 വിക്കറ്റ് നേട്ടം സ്വന്തമാക്കിയട്ടുള്ള ഏക താരംകൂടിയാണ്‌ ഈ ശ്രീലങ്കന്‍ സ്പിന്നര്‍.

Top