മുംബൈ: ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച മുഹൂര്‍ത്തങ്ങളിലൊന്നിന് ഇന്ന് ഇന്ത്യ-ന്യൂസീലന്‍ഡ് മത്സരം വേദിയായി. ഒരിന്നിങ്‌സില്‍ പത്ത് വിക്കറ്റ് നേടിക്കൊണ്ട് ന്യൂസീലന്‍ഡ് താരം അജാസ് പട്ടേല്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലാണ് അജാസിന്റെ അത്ഭുത പ്രകടനം അരങ്ങേറിയത്.
ടെസ്റ്റ് ക്രിക്കറ്റില്‍ ഒരിന്നിങ്‌സില്‍ 10 വിക്കറ്റ് വീഴ്ത്തുന്ന മൂന്നാമത്തെ ബൗളറാണ് ഇന്ത്യന്‍ വംശജന്‍ കൂടിയായ അജാസ്. ഇംഗ്ലണ്ടിന്റെ ജിം ലേക്കര്‍, ഇന്ത്യയുടെ അനില്‍ കുംബ്ലെ എന്നിവരാണ് ഈ നേട്ടം മുന്‍പ് കരസ്ഥമാക്കിയവര്‍.
ഇന്ത്യയ്‌ക്കെതിരേ 47.5 ഓവര്‍ ചെയ്ത അജാസ് 119 റണ്‍സ് വിട്ടുനല്‍കിയാണ് പത്തുവിക്കറ്റെടുത്തത്. 12 മെയ്ഡനുകളും പിറന്നു.
ചരിത്രത്തിലാദ്യമായി ഒരു ടെസ്റ്റ് മത്സരത്തില്‍ 10 വിക്കറ്റ് വീഴ്ത്തിയ താരം ഇംഗ്ലണ്ടിന്റെ ലേക്കറാണ്. 1956 ജൂലായ് 26 ന് ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിലാണ് ലേക്കര്‍ ഒരിന്നിങ്‌സില്‍ പത്ത് വിക്കറ്റ് വീഴ്ത്തിയത്. 51.2 ഓവറില്‍ 53 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് താരം പത്തുവിക്കറ്റ് സ്വന്തമാക്കിയത്.
ലേക്കറിനുശേഷം ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബൗളര്‍മാരിലൊരാളായ കുംബ്ലെ ഈ ചരിത്രനേട്ടം സ്വന്തമാക്കി. ചിരവൈരികളായ പാകിസ്താനെതിരേ 1999 ഫെബ്രുവരി നാലിന് ഫിറോസ് ഷാ കോട്‌ലാ സ്‌റ്റേഡിയത്തില്‍ വെച്ചാണ് കുംബ്ലെ അത്ഭുതപ്രകടനം പുറത്തെടുത്തത്.
കുംബ്ലെയുടേ നേട്ടത്തിന് ശേഷം 22 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മറ്റൊരു താരം ഈ നേട്ടത്തിലെത്തുന്നത്. ഒരിന്നിങ്‌സില്‍ പത്ത് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ന്യൂസീലന്‍ഡ് താരം എന്ന റെക്കോഡും അജാസ് പട്ടേല്‍ സ്വന്തമാക്കി. ഇതോടെ ഒരിന്നിങ്സിൽ ഒൻപത് വിക്കറ്റ് വീഴ്ത്തിയ ഇതിഹാസതാരം റിച്ചാർഡ് ഹാഡ്ലിയെയും അജാസ് മറികടന്നു.
മുംബൈയില്‍ ജനിച്ചുവളര്‍ന്ന അജാസ് കുടുംബത്തോടൊപ്പം ന്യൂസീലന്‍ഡിലേക്ക് ചേക്കേറിയതാണ്. ഒരു തരത്തില്‍ മുംബൈ വാംഖഡേ സ്റ്റേഡിയം അജാസിന് ഹോം ഗ്രൗണ്ട് പോലെയാണ്. അജാസിന്റെ കുത്തിത്തിരിഞ്ഞ പന്തുകള്‍ പ്രതിരോധിക്കാന്‍ ഇന്ത്യ വിയര്‍ത്തു. 33 കാരനായ അജാസ് ഇന്ത്യയ്‌ക്കെതിരായ പരമ്പരയിലൂടെയാണ് ആദ്യമായി ഇന്ത്യന്‍ മണ്ണില്‍ പന്തെറിഞ്ഞത്.
കിവീസിനുവേണ്ടി കളിച്ച 11-ാം ടെസ്റ്റ് മത്സരത്തില്‍ തന്നെ റെക്കോഡ് നേട്ടം സ്വന്തമാക്കാന്‍ അജാസിന് സാധിച്ചു. 2018 നവംബറില്‍ പാകിസ്താനെതിരായ മത്സരത്തിലൂടെ അരങ്ങേറിയ അജാസിന് കിവീസ് ടീമിന്റെ സ്ഥിര സാന്നിധ്യമാകാന്‍ സാധിച്ചിരുന്നില്ല.
എന്നാല്‍ 10 വിക്കറ്റ് വീഴ്ത്തിയതോടെ ന്യൂസീലന്‍ഡിന്റെ ഹീറോയായി മാറിയിരിക്കുകയാണ് ഇടംകൈയ്യൻ ഓര്‍ത്തഡോക്‌സ് സ്പിന്നറായ അജാസ്. ഈ പത്ത് വിക്കറ്റ് നേട്ടത്തോടെ 11 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് താരത്തിന്റെ വിക്കറ്റ് നേട്ടം 39 ആയി ഉയര്‍ന്നു.