ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിന്റെ ആരോഗ്യവകുപ്പില്‍ നിന്നും ബോളിവുഡ് നടന്‍ അജയ്‌ദേവ്ഗണിന് പാന്‍മസാല പരസ്യത്തില്‍ അഭിനയിച്ചതിന് നോട്ടീസ് അയച്ചു. നേരിട്ടോ അല്ലാതെയോ പുകയില ഉല്‍പ്പനങ്ങളുടെ പരസ്യം നടത്തുന്നത് സിഗററ്റ് ആന്റ് അദര്‍ ടൊബാക്കോ പ്രോഡക്ട് ആക്ട്(സി.ഒ.ടി.പി.എ) 2003ന്റെ സെക്ഷന്‍ 5 പ്രകാരം നിരോധിച്ചിട്ടുള്ളതാണ്.
ഇതിന്റെ അടിസ്ഥാനത്തില്‍ പരസ്യത്തിലുള്ള പാന്‍മസാല ഗുഡ്കാ അല്ലെങ്കില്‍ പുകയില ഉത്പന്നങ്ങളുെടെ പ്രചാരണമാണ് താരം നടത്തിയത്. ഇത്തരത്തിലുള്ള പരസ്യങ്ങള്‍ ഉപഭോക്താവിനെ, പ്രത്യേകിച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ, തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത് മാത്രമല്ല സി.ഒ.ടി.പി.എ 2003 പ്രകാരമുള്ള പൊതു ആരോഗ്യ നടപടികള്‍ളുടെ ലംഘനവുമാണിത്.
സി.ഒ.ടി.പി.എ 2003 സെക്ഷന്‍ 5 ലംഘിച്ചതിന്റെ ഉത്തരവാദിത്തം പുകയില കമ്പനിക്കാണെങ്കിലും അതിന്റെ പരസ്യത്തില്‍ അഭിനയിച്ചതിനാല്‍ താരവും നിയമം ലംഘിച്ചതായി അജയിക്കുള്ള കത്തില്‍ ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.
അതിനാല്‍ ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ളതും പുകയില ഉത്പന്നങ്ങളുടെ പ്രചാരണത്തിനുമായുള്ള പരസ്യങ്ങളില്‍ അഭിനയിക്കരുതെന്ന ശക്തമായ താക്കീത് താരത്തിന് ആരോഗ്യവകുപ്പ് നല്‍കുന്നുണ്ടെന്ന് അഡിഷണല്‍ ഹെല്‍ത്ത് ഡയറക്ടര്‍ പറഞ്ഞു.
ഇക്കഴിഞ്ഞ ജനുവരിയില്‍ ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, സെയ്ഫ് അലി ഖാന്‍, ഗോവിന്ദ, സണ്ണി ലിയോണ്‍, അജയ്‌ദേവ്ഗണ്‍ എന്നിവര്‍ക്ക് ആരോഗ്യവകുപ്പ് ക്യാന്‍സറിന് കാരണമാകുന്ന പാക്കുകള്‍ അടങ്ങിയ പാന്‍മസാലകളെ പിന്തുണയ്ക്കരുതെന്ന് കാണിച്ച് കത്തയച്ചിരുന്നു.
ഓരോ വര്‍ഷവും കാന്‍സര്‍ മൂലം മരിക്കാനിടയാകുന്ന ലക്ഷകണക്കിന് ആളുകളുടെ ജീവന്‍ രക്ഷിക്കാനുള്ള പുകയില വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമാകാന്‍ ഡല്‍ഹി സര്‍ക്കാര്‍ ഇവരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പാന്‍മസാലകളിലെ പ്രധാന ഘടകമായ പാക്ക് ക്യാന്‍സറിന് കാരണമാകുന്ന ഒന്നാണ്.
പ്രധാന പുകയില കമ്പനികള്‍ക്കെതിരെ പുകയിലയ്ക്ക് പകരം പാക്ക് അടങ്ങിയ പാന്‍മസാലകള്‍ പ്രചരിപ്പിച്ചതിന് സര്‍ക്കാര്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിരുന്നു. സര്‍ക്കാര്‍ തുടര്‍ച്ചയായി ഡല്‍ഹി പൊലീസിനോട് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെങ്കിലും അവരുടെ ഭാഗത്ത് നിന്നും ഒരു മറുപടിയും ലഭിച്ചിട്ടില്ലെന്ന് അഡിഷണല്‍ ഹെല്‍ത്ത് ഡയറക്ടര്‍ പറയുന്നു.