ലഖിംപൂര്‍ കര്‍ഷക കൂട്ടക്കൊല; അജയ് മിശ്രയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ബിജെപി, രാജി ഉടന്‍ ?

ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര തേനിയെ ബിജെപി ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. മകന്‍ ആശിഷ് മിശ്ര പ്രതിസ്ഥാനത്തുള്ള കേസില്‍ ഇദ്ദേഹത്തിന്റെ രാജി ഹൈക്കമാന്‍ഡ് ആവശ്യപ്പെടുമെന്നാണ് സൂചന.

മിശ്ര രാജിവയ്ക്കണമെന്ന് നേരത്തെ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ബുധനാഴ്ച പാര്‍ലമെന്റില്‍ അടിയന്തര പ്രമേയത്തിന് അനുമതി ചോദിച്ചിരുന്നു.

കര്‍ഷകര്‍ക്കു നേരെയുണ്ടായ അതിക്രമം ആസൂത്രിതമായിരുന്നു എന്ന് കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സംഘം ഇക്കാര്യം അറിയിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് മിശ്രയെ ഹൈക്കമാന്‍ഡ് വിളിപ്പിച്ചത്.

കേസില്‍ മിശ്രയുടെ മകന്‍ ആശിഷ് മിശ്ര അടക്കം 13 പേരാണ് അറസ്റ്റിലായിട്ടുള്ളത്. സംഭവത്തില്‍ നാലു കര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനുമാണ് കൊല്ലപ്പെട്ടിരുന്നത്. കേന്ദ്രമന്ത്രിയുടെ ഉടമസ്ഥതയിലുള്ള ഥാര്‍ ജീപ്പ് കര്‍ഷകരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

Top