അജയ് മാക്കന് പകരം ഷീല ദീക്ഷിത് എത്തിയേക്കുമെന്ന് സൂചന

ന്യൂഡല്‍ഹി : ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മുന്‍മുഖ്യമന്ത്രിയായ ഷീല ദീക്ഷിത് എത്തിയേക്കുമെന്ന് സൂചന. അജയ് മാക്കന്‍ രാജി വെച്ചതിന് പിന്നാലെയാണ് പിന്‍ഗാമിയായി ഷീല ദീക്ഷിത് എത്തിയേക്കുമെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നത്.

എഎപി സഖ്യത്തിനെതിരെ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിരുന്ന ഷീല ദീക്ഷിത് പാര്‍ട്ടി തീരുമാനിച്ചാല്‍ എഎപിയുമായുള്ള സഖ്യം അംഗീകരിക്കാമെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഹൈക്കമാന്‍ഡ് തീരുമാനിച്ചാല്‍ അത് അംഗീകരിച്ചേ മതിയാകൂ അവര്‍ വ്യക്തമാക്കി.

മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് അജയ് മാക്കന്‍ ഡല്‍ഹി പാര്‍ട്ടി അധ്യക്ഷസ്ഥാനത്ത് നിന്നും കഴിഞ്ഞ ദിവസമാണ് രാജിവച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് അജയ് മാക്കന്റെ രാജി.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ദേശീയ നേതൃത്വത്തിലേക്ക് അദ്ദേഹത്തെ കൊണ്ടുവരുന്നതിനാണ് രാജിയെന്നാണ് കരുതുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിച്ചേക്കുമെന്നും പറയുന്നു. നാലു വര്‍ഷം മുമ്പാണ് അജയ് മാക്കന്‍ (54) ഡല്‍ഹി കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനത്തേക്ക് എത്തുന്നത്. രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു രാജി.

ഡല്‍ഹിയില്‍ 15 വര്‍ഷം നീണ്ട ഭരണം നഷ്ടമായപ്പോള്‍ മാക്കന്‍ രാജി വയ്ക്കാനുള്ള തീരുമാനം അറിയിച്ചിരുന്നു. എന്നാല്‍ വീണ്ടും സ്ഥാനത്ത് തുടരാന്‍ പാര്‍ട്ടി ആവശ്യപ്പെടുകയായിരുന്നു. രണ്ടു തവണ പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മാക്കന്‍ യുപിഎ ഭരണകാലത്ത് കേന്ദ്രമന്ത്രി സ്ഥാനവും വഹിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധി മാക്കന്റെ രാജി അംഗീകരിച്ചു

Top