കര്‍ണാടക സര്‍ക്കാരിന്റെ 15 ലക്ഷം നിരസിച്ച് അജീഷിന്റെ കുടുംബം

മാനന്തവാടി: കാട്ടാന ചവിട്ടിക്കൊന്ന പടമല പനച്ചിയില്‍ അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നല്‍കാമെന്ന കര്‍ണാടക സര്‍ക്കാരിന്റെ വാഗ്ദാനം കുടുംബം നിരസിച്ചു. തീരുമാനം രേഖാമൂലം കര്‍ണാടക സര്‍ക്കാരിനെ അറിയിക്കും. രാഹുല്‍ ഗാന്ധി എംപി അജീഷിന്റെ കുടുംബത്തെ സന്ദര്‍ശിച്ചതിനു ശേഷം കര്‍ണാടക സര്‍ക്കാരിനെ ബന്ധപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ണാടക സര്‍ക്കാര്‍ വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് നല്‍കുന്ന 15 ലക്ഷം രൂപ അജീഷിന്റെ കുടുംബത്തിനും നല്‍കാമെന്ന് അറിയിച്ചത്. കര്‍ണാടക വനംവകുപ്പ് ബേലൂരില്‍നിന്നു മയക്കുവെടി വച്ച് പിടികൂടി ബന്ദിപ്പൂര്‍ വനത്തില്‍ വിട്ട ബേലൂര്‍ മഖ്‌ന എന്ന മോഴയാനയാണ് അജീഷിനെ വീട്ടുമുറ്റത്ത് ചവിട്ടിക്കൊന്നത്.

കര്‍ണാടകയുടെ ധനസഹായ പ്രഖ്യാപനത്തിനെതിരെ കര്‍ണാടകയിലെ മുഖ്യ പ്രതിപക്ഷമായ ബിജെപി രംഗത്തെത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് കുടുംബത്തിന്റെ തീരുമാനം. ”ധനസഹായത്തിനായി ഇടപെട്ട രാഹുല്‍ ഗാന്ധി എംപിക്കും കര്‍ണാടക സര്‍ക്കാരിനും നന്ദി. ഡാഡി നഷ്ടപ്പെട്ട ഞങ്ങള്‍ക്ക് ഒന്നും ഒരു പരിഹാരമല്ല. ഈ വേദനയ്ക്കിടയില്‍ എല്ലാവരും ഒപ്പമുണ്ടാകുമെന്ന് കരുതി. പക്ഷേ കര്‍ണാടകയിലെ ബിജെപി ഇതിന്റെ പേരില്‍ ചേരിതിരിവിന് ശ്രമിച്ചതറിഞ്ഞപ്പോള്‍ വല്ലാത്ത വേദന തോന്നി. ഇതു മനുഷ്യത്വ രഹിതമായ നടപടിയായിപ്പോയി. ഈ സാഹചര്യത്തില്‍ ഞങ്ങള്‍ ഈ പണം സ്‌നേഹപൂര്‍വം നിരസിക്കുന്നു.” അജീഷിന്റെ കുടുംബം കത്തിലൂടെ അറിയിച്ചു.

അജീഷിന്റെ കുടുംബത്തിന് കേരള സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. കൂടാതെ മറ്റു സന്നദ്ധ സംഘടനകളും വ്യക്തികളും സഹായവുമായി രംഗത്തെത്തി. കര്‍ണാടക സര്‍ക്കാര്‍ സഹായം നല്‍കുന്നതിനെതിരെ ബിജെപി രംഗത്തെത്തിയതോടെ സംഭവം വിവാദമായിരുന്നു. വയനാട് സന്ദര്‍ശിച്ച കേന്ദ്ര വനംമന്ത്രി ഭൂേപന്ദര്‍ യാദവ് ഇക്കാര്യത്തെക്കുറിച്ച് അറിയില്ലെന്നാണ് പ്രതികരിച്ചത്.

Top