ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് 82 റണ്‍സിന്റെ ലീഡ്; സെഞ്ച്വറിയുമായി രഹാനെ

മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റിന്റെ രണ്ടാം ദിനം ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് ലീഡ്. ഒന്നാം ഇന്നിങ്‌സില്‍ 195 റണ്‍സ് നേടിയ ഓസീസിനെതിരെ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സെന്ന മികച്ച നിലയിലാണ് ഇന്ത്യ. 82 റണ്‍സിന്റെ ലീഡാണ് ഇന്ത്യയ്ക്ക് ഉള്ളത്. സെഞ്ചുറി നേടി മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയാണ് ഓസീസിനെതിരേ ഇന്ത്യന്‍ ആക്രമണം നയിച്ചത്. 2019 ഒക്​ടോബറിൽ ദക്ഷിണാഫ്രിക്കക്കെതിരെ ​നേടിയ സെഞ്ച്വറിക്ക്​ ശേഷമുള്ള നേട്ടമാണിത്. ക്യാപ്റ്റനൊപ്പം 40 റൺസുമായി രവീന്ദ്ര ജഡേജയാണ് ക്രീസിൽ. ഇരുവരും ആറാം വിക്കറ്റില്‍ ഇതുവരെ 104 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ശുഭ്​മാൻ ഗിൽ (45), ചേതേശ്വർ പുജാര (17), ഹനുമ വിഹാരി (21), ഋഷഭ്​ പന്ത്​ (29) എന്നിവരാണ്​ പുറത്തായ മറ്റ്​ ബാറ്റ്​സ്​മാൻമാർ. ഓസീസിനായി പാറ്റ്​ കമ്മിൻസും മിച്ചൽ സ്റ്റാർക്കും രണ്ട്​ വിക്കറ്റ്​ വീതവും നഥാൻ ലിയോൺ ഒരു വിക്കറ്റും വീഴ്​ത്തി.

രഹാനെ 200 പന്തില്‍ നിന്ന് 104 റണ്‍സോടെയും ജഡേജ 104 പന്തില്‍ നിന്ന് 40 റണ്‍സോടെയും പുറത്താകാതെ നില്‍ക്കുന്നു.രണ്ടാം ദിനം ഒരു വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്കായി ഗില്‍ മികച്ച പ്രകടനം പുറത്തെടുത്തു. 65 പന്തുകള്‍ നേരിട്ട ഗില്‍ എട്ടു ബൗണ്ടറികളടക്കം 45 റണ്‍സെടുത്താണ് മടങ്ങിയത്. 70 പന്തില്‍ നിന്ന് 17 റണ്‍സെടുത്ത പൂജാരയെ പാറ്റ് കമ്മിന്‍സ് പുറത്താക്കി. രണ്ടാം വിക്കറ്റില്‍ ഗില്‍ – പൂജാര സഖ്യത്തിൽ 61 റണ്‍സ് നേടി. തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച അജിങ്ക്യ രഹാനെ – ഹനുമ വിഹാരി സഖ്യം അര്‍ധ സെഞ്ചുറി പിന്നിട്ടതിനു പിന്നാലെ വിഹാരിയെ നഥാന്‍ ലിയോണ്‍ മടക്കി. 66 പന്തില്‍ നിന്ന് 21 റണ്‍സെടുത്താണ് വിഹാരി മടങ്ങിയത്. രഹാനെയ്‌ക്കൊപ്പം തകര്‍ത്തടിച്ച ഋഷഭ് പന്ത് 40 പന്തില്‍ നിന്ന് 29 റണ്‍സെടുത്ത് പുറത്തായി. 57 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്.

Top