മൈതാനം വിടാനുള്ള അമ്പയര്‍മാരുടെ നിര്‍ദേശം നിരസിച്ചത് എന്തിനെന്ന് വെളിപ്പെടുത്തി രഹാനെ

മുംബൈ: ഇന്ത്യ- ഓസ്ട്രേലിയ പരമ്പരയ്ക്കിടെ സിഡ്‌നി സ്റ്റേഡിയത്തിൽ വെച്ച് ഇന്ത്യന്‍ താരങ്ങളായ മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറയും കാണികളിൽ നിന്ന് വംശീയ അധിക്ഷേപം നേരിട്ടതിൽ കടുത്ത പ്രതിഷേധമാണുയർന്നത്. സിറാജിന് കാണികളില്‍ നിന്നുണ്ടായ മോശം അനുഭവത്തെ തുടർന്ന് മൈതാനം വിടാനുള്ള അമ്പയര്‍മാരുടെ നിര്‍ദേശം നിരസിച്ചത് എന്തിനെന്ന് വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ അജിങ്ക്യ രഹാനെ. ടെസ്റ്റിന്റെ മൂന്നാമത്തെയും നാലാമത്തെയും ദിവസങ്ങളിലായിരുന്നു വിവാദ സംഭവങ്ങള്‍. ആദ്യ ദിനം കാണികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയ അധികൃതര്‍ തുടര്‍ച്ചയായ രണ്ടാം ദിവസത്തിലും സമാന സംഭവം ആവര്‍ത്തിച്ചതോടെ ആറ് കാണികളെ സ്‌റ്റേഡിയത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

”സിറാജ് അടക്കമുള്ളവര്‍ക്ക് സിഡ്‌നിയില്‍ സംഭവിച്ചതെല്ലാം തീര്‍ത്തും സങ്കടകരമായിരുന്നു. അതിനാല്‍ തന്നെ ഞങ്ങള്‍ക്ക് ഒരു നിലപാട് സ്വീകരിക്കേണ്ടതായി വന്നു. ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ കളി നിര്‍ത്തി നിങ്ങള്‍ക്ക് വേണമെങ്കില്‍ മൈതാനം വിടാമെന്നായിരുന്നു അമ്പയറുടെ നിലപാട്. ഞങ്ങള്‍ മൈതാനം വിടുന്നില്ലെന്നും ക്രിക്കറ്റ് കളിക്കാനാണ് ഇവിടെയെത്തിയതെന്നും ഞാന്‍ പറഞ്ഞു. മോശം ഭാഷ പ്രയോഗിച്ചവരെ നിങ്ങള്‍ക്ക് പുറത്താക്കാന്‍ കഴിയുമെങ്കില്‍ ഞങ്ങള്‍ ഇവിടെ ഉണ്ടാകും, കളി ആരംഭിക്കുകയും ചെയ്യാം. കളിയുടെ മൊമന്റം നഷ്ടപ്പെടുത്താന്‍ ഞങ്ങള്‍ക്ക് താത്പര്യമില്ല. അതേസമയം ഞങ്ങള്‍ ഞങ്ങളുടെ കളിക്കാരെ ബഹുമാനിക്കുന്നു, അവര്‍ക്കൊപ്പം ഞാന്‍ എപ്പോഴും ഉണ്ടായിരിക്കും.” – രഹാനെ പറഞ്ഞു.

Top