സെലക്ടായാല്‍ അജിത് അഗാര്‍ക്കര്‍ ചെയര്‍മാന്‍ ആയേക്കും

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റിയിലേക്ക് ഇത്തവണയും അപേക്ഷ സമര്‍പ്പിച്ച് മുന്‍ താരം അജിത് അഗാര്‍ക്കര്‍. അഗാര്‍ക്കറെ കൂടാതെ, മുന്‍ താരങ്ങളായ മനീന്ദര്‍ സിങ്, ചേതന്‍ ശര്‍മ, ശിവസുന്ദര്‍ ദാസ് എന്നിവരും സെലക്ഷന്‍ കമ്മിറ്റി പോസ്റ്റിലേക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. സെലക്ഷന്‍ കമ്മിറ്റിയില്‍ ഒഴിവു വന്ന മൂന്നു പോസ്റ്റിലേക്കാണ് താരങ്ങള്‍ അപേക്ഷ നല്‍കിയത്. സെലക്ടര്‍ പോസ്റ്റിനായി നേരത്തെ അഗാര്‍ക്കര്‍ അപേക്ഷിച്ചപ്പോള്‍ ബി.സി.സി.ഐയുടെ മേഖല തിരിച്ച് അംഗത്വം നല്‍കാനുള്ള നയത്തിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നില്ല.

രാജ്യാന്തര മത്സരങ്ങളില്‍ വലിയ പരിചയസമ്പത്തുള്ള അഗാര്‍ക്കറിനെ തിരഞ്ഞെടുത്താല്‍, സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അദ്ദേഹമാവാനുള്ള സാധ്യതയുണ്ട്. നിയമ പ്രകാരം ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരം കളിച്ച അംഗമാണ് സെലക്ഷന്‍ പാനലില്‍ തലവനായി വരിക. 191 ഏകദിനം, 26 ടെസ്റ്റ്, 4 ടി20 എന്നിങ്ങനെ 231 രാജ്യാന്തര മത്സരങ്ങളാണ് അഗാര്‍ക്കര്‍ ഇന്ത്യക്കായി കളിച്ചത്. ലോകകപ്പില്‍ ഇന്ത്യക്കായി ഹാട്രിക് നേടിയ ആദ്യ താരമാണ് ചേതന്‍ ശര്‍മ.

ശരണ്‍ദീപ് സിങ്, ജതിന്‍ പരന്‍ജ്‌പേ, ദേവാങ് ഗാന്ധി എന്നിവര്‍ നാലു വര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയ വേളയിലാണ് മൂന്ന് സെലക്ടര്‍മാരുടെ ഒഴിവ് വന്നത്. ഈ വര്‍ഷം ആദ്യം കാലാവധി പൂര്‍ത്തിയാക്കിയ എം.എസ്.കെ പ്രസാദ്, ഗഗന്‍ ഖോഡ എന്നിവര്‍ക്ക് പകരക്കാരായി സുനില്‍ ജോഷിയും ഹര്‍വീന്ദര്‍ സിങ്ങുമാണ് എത്തിയത്. സുനില്‍ ജോഷിയാണ് നിലവില്‍ ചെയര്‍മാന്‍.

Top