Ajit jogi threatens to quit congress party

റായ്പൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ചത്തീസ്ഗഢ് മുഖ്യമന്ത്രിയുമായ അജിത് ജോഗി പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നു.

രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനാക്കുന്നതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിടുകയാണെന്ന് ജോഗി പ്രഖ്യാപിച്ചു.

ജൂണ്‍ ആറിന് തന്റെ മണ്ഡലമായ മാര്‍വാഹിയിലേക്ക് പോകുമെന്നും അവിടെ പ്രവര്‍ത്തകരുമായി കൂടിയാലോചിച്ച് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും ജോഗി അറിയിച്ചു.

മുഖ്യമന്ത്രി രമണ്‍ സിങ്ങിനെ പരാജയപ്പെടുത്താന്‍ പുതിയ പാര്‍ട്ടിയിലൂടെ മാത്രമേ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ഏത് മുതിര്‍ന്ന നേതാവിന്റെ ഭാഗത്ത് നിന്ന് വന്നാലും വച്ചുപൊറുപ്പിക്കില്ലെന്ന് ചത്തീസ്ഗഢ് പി.സി.സി ജനറല്‍ സെക്രട്ടറി ശൈലേഷ് നിതിന്‍ ത്രിവേദി പറഞ്ഞു.

2004 ലിലുണ്ടായ അപകടത്തോടെ ചലനശേഷി നഷ്ടപ്പെട്ട അജിത് ജോഗി പിന്നീടിങ്ങോട്ട് വീല്‍ചെയറിലിരുന്നാണ് ചത്തീസ്ഗഢ് കോണ്‍ഗ്രസ് രാഷ്ട്രീയത്തെ നിയന്ത്രിച്ചിരുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും അജിത് ജോഗിയെ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും ഭരണം കിട്ടാതെ വന്നതോടെ ഹൈക്കമാന്‍ഡുമായി ജോഗി അത്ര നല്ല ബന്ധത്തിലായിരുന്നില്ല.

പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവ്, ഐ.ഐ.സി.സി വക്താവ് തുടങ്ങിയ പദവികള്‍ വഹിച്ച് ദേശീയ രാഷ്ട്രീയത്തിലും നിറഞ്ഞുനിന്ന ജോഗി പാര്‍ട്ടി വിടുന്നത് തുടര്‍ച്ചയായ തോല്‍വികള്‍ക്കിടയില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടിയാവുകയാണ്.

2014 ലില്‍ സംസ്ഥാനത്ത് നടന്ന ഉപതിരഞ്ഞെടുപ്പില്‍ പണം വാങ്ങി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്‍വലിപ്പിച്ചതായ ആരോപണത്തില്‍ അജിത് ജോഗിയുടെ മകന്‍ അമിത് ജോഗിയെ ഈ വര്‍ഷം ജനവരിയില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നു.

അവസാന നിമിഷം സ്ഥാനാര്‍ഥി പിന്മാറിയതോടെ ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി വന്‍ വിജയം നേടി. പിന്മാറാന്‍ പണം വാഗ്ദാനം ചെയ്യുന്നതിന്റെ ഓഡിയോ സംഭാഷണം പുറത്തുവന്നതോടെയാണ് അമിത് ജോഗി കുടുങ്ങിയത്.

Top