മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പി. സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അജിത് പവാര്‍ പിന്തുണ നല്‍കിയതില്‍ പ്രതികരണവുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനായി ബി.ജെപി അജിത്ത് പവാറിനെ ഭീഷണിപ്പെടുത്തി കൂടെ ചേര്‍ക്കുകയായിരുന്നുവെന്നാണ് സഞ്ജയ് റാവത്ത് പറഞ്ഞത്. അജിത്ത് പവാര്‍ എന്‍.സി.പിയിലേക്ക് മടങ്ങി വരുമെന്നും സഞ്ജയ് റാവത്ത് കൂട്ടിച്ചേര്‍ത്തു.
‘എന്‍.സി.പി നേതാവ് ധനഞ്ജയ് മുണ്ഡെയുമായി ബന്ധപ്പെട്ടു കഴിഞ്ഞു. അജിത് പവാറും ചിലപ്പോള്‍ എന്‍.സി.പിയിലേക്ക് മടങ്ങിയേക്കാം. അജിത്ത് പവാറിനെ ബി.ജെ.പി എങ്ങനെയാണ് ഭീഷണിപ്പെടുത്തിയത് എന്ന വിവരം ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇക്കാര്യം ഉടന്‍ തന്നെ വെളിപ്പെടുത്തും’- സഞ്ജയ് റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു.
രാവിലെ ഏഴ് മണിക്കാണ് പുതിയ സര്‍ക്കാര്‍ രൂപീകൃതമായത്. ഇരുട്ടിന്റെ മറവില്‍ പാപങ്ങള്‍ മാത്രമേ നടക്കുവെന്നും സഞ്ജയ് റാവത്ത് ആരോപിച്ചു.
രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ അതിനാടകീയ നീക്കങ്ങളോടെയാണ് മഹാരാഷ്ട്രയില്‍ ബിജെപി എന്‍സിപി സഖ്യം അധികാരത്തിലേറിയത്. രാവിലെ എട്ട് മണിക്കാണ് രാജ് ഭവനില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തത്. പുലര്‍ച്ചെ ആറുമണിക്കാണ് രാഷ്ട്രപതി ഭരണം സംസ്ഥാനത്ത് പിന്‍വലിച്ചത്.
ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം സര്‍ക്കാര്‍ രൂപീകരിക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി ഇന്ന് രാവിലെ സത്യപ്രതിജ്ഞ നടന്നത്. ശിവസേനഎന്‍സിപികോണ്‍ഗ്രസ് സഖ്യം മഹാരാഷ്ട്രയില്‍ അവകാശവാദം ഉന്നയിക്കാന്‍ ഗവര്‍ണറെ കാണാനുള്ള സമയവും തീരുമാനിച്ചിരിക്കെയാണ് ഈ രാഷ്ട്രീയ നാടകം.