മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി അജിത് പവാർ സത്യപ്രതിജ്ഞ ചെയ്തു

മുംബൈ : മഹാരാഷ്ട്രയിൽ വൻ രാഷ്ട്രീയ അട്ടിമറിയിലൂടെ എൻസിപി പിളർത്തി അജിത് പവാറും അദ്ദേഹത്തെ അനുകൂലിക്കുന്ന എംഎൽഎമാരും ഏക്നാഥ് ഷിൻഡെ സർക്കാരിന്റെ ഭാഗമായി. 29 എംഎൽഎമാരുമായി രാജ്ഭവനിലെത്തിയ അജിത് പവാർ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അജിത് പവാറിനൊപ്പം എൻസിപി നേതാക്കളായ ധർമറാവു അത്രം, സുനിൽ വൽസാദെ, അതിഥി താക്കറെ, ഹസൻ മുഷ്റിഫ്, ഛഗൻ ഭുജ്ബൽ, ധനഞ്ജയ് മുണ്ടെ, അനിൽ പാട്ടീൽ, ദിലീപ് വൽസെ പതി എന്നിവർ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു.

ശരദ് പവാറിന്റെ വിശ്വസ്തനായി അറിയപ്പെടുന്ന നേതാവാണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഛഗൻ ഭുജ്ബൽ. അജിത് പവാറിന് നാൽപതിലധികം എൻസിപി എംഎൽഎമാരുടെ പിന്തുണയുള്ളതായി റിപ്പോർട്ടുണ്ട്. അജിത്തിന്റെ നീക്കത്തിൽ ശരദ് പവാർ ഞെട്ടൽ രേഖപ്പെടുത്തി. നിലവിൽ പുണെയിലുള്ള അദ്ദേഹം മുംബൈയിലേക്കു തിരിച്ചു. എൻസിപി തലവൻ ശരദ് പവാറിന്റെ ആശീർവാദത്തോടെയാണ് അജിത് പവാറിന്റെ നീക്കമെന്നും സൂചനയുണ്ട്. തീർത്തും അപ്രതീക്ഷിതമായ രാഷ്ട്രീയ നീക്കത്തിലൂടെയാണ് 29 എംഎൽഎമാർക്കൊപ്പം അജിത് പവാർ രാജ്ഭവനിലെത്തിയത്. എൻസിപിക്ക് മഹാരാഷ്ട്ര നിയമസഭയിൽ ആകെ 53 അംഗങ്ങളാണുള്ളത്. അവരിൽ 30 പേരും സർക്കാരിനു പിന്തുണ പ്രഖ്യാപിച്ച് കൂറുമാറി.

മുതിർന്ന നേതാക്കളായ ഛഗൻ ഭുജ്പൽ, പ്രഫുൽ പട്ടേൽ, ധനനി മുണ്ടെ തുടങ്ങിയവരും അജിത് പവാറിനൊപ്പമുണ്ടായിരുന്നു. ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാ‌വിസിനൊപ്പമാണ് ഇവർ രാജ്ഭവനിലെത്തിയത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും രാജ്ഭവനിലെത്തി. നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയാനുള്ള ആഗ്രഹം അജിത് പവാർ പരസ്യമായി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ദേശീയ രാഷ്ട്രീയത്തെ ഞെട്ടിച്ചുകൊണ്ടുള്ള അപ്രതീക്ഷിത നീക്കം.

രാവിലെ അജിത് പവാറിന്റെ മുംബൈയിലെ വസതിയിൽ എൻസിപി എംഎൽഎമാരിൽ ഒരു വിഭാഗം യോഗം ചേർന്നിരുന്നു. പാർട്ടി വർക്കിങ് പ്രസിഡന്റ് സുപ്രിയ സുളെ, മുതിർന്ന നേതാവ് ഛഗൻ ഭുജ്ബൽ എന്നിവരും പങ്കെടുത്തു. പാർട്ടി സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീൽ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. മുംബൈയിലെ കൂടിക്കാഴ്ചയെക്കുറിച്ച് അറിയില്ലെന്ന് ശരദ് പവാർ പുണെയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

2019ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ശിവസേന-ബിജെപി സഖ്യത്തിനു കൂടുതൽ സീറ്റ് ലഭിച്ചെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം കാരണം സർക്കാർ രൂപീകരിക്കാനായില്ല. തുടർന്ന് ശിവസേന, എൻസിപി, കോൺഗ്രസ് എന്നീ കക്ഷികൾ ചേർന്ന് സർക്കാർ രൂപീകരിക്കാനുള്ള നീക്കത്തിനിടെയാണ് അജിത് പവാർ മറുകണ്ടം ചാടി ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഫഡ്നാവിസ് മുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. എന്നാൽ പാർട്ടിയിൽ നിന്നുള്ള സമ്മർദത്തെ തുടർന്ന് ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ച് അജിത് പവാർ തിരികെയെത്തിയതോടെ മഹാ വികാസ് അഘാഡി (എംവിഎ) സർക്കാർ രൂപീകരിച്ചു.

ഇതിനിടെ, ശിവസേനയെ പിളർത്തി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ഒരു വിഭാഗം ഒപ്പമെത്തിയതോടെ ബിജെപി വീണ്ടും സർക്കാർ രൂപീകരിക്കുകയായിരുന്നു. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എംഎൽഎമാർ കൂടി വന്നതോടെ ഷിൻഡെ സർക്കാരിന് കൂടുതൽ സ്ഥിരതയും ബലവും കൈവരുമെന്നാണു വിലയിരുത്തൽ.

Top