ത്രികക്ഷി സര്‍ക്കാരിലൂടെ അജിത് പവാര്‍ വീണ്ടും ഉപമുഖ്യമന്ത്രി പദവിയിലേയ്ക്ക്? സത്യപ്രതിജ്ഞ 30ന്

ന്യൂഡല്‍ഹി: ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്രയിലെ കൂട്ടുകക്ഷി സര്‍ക്കാരില്‍ എന്‍സിപി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയാകുമെന്നു റിപ്പോര്‍ട്ട്. ഡിസംബര്‍ 30ന് മന്ത്രിസഭാ പുന:സംഘടന നടക്കുമെന്നാണ് കരുതുന്നത്. ദേവേന്ദ്ര ഫഡ്നാവിസിന്റെ 80 മണിക്കൂര്‍ മാത്രം നീണ്ട ബിജെപി സര്‍ക്കാരിലും അജിത് പവാര്‍ നാടകീയമായി ഉപമുഖ്യമന്ത്രിയായിരുന്നു. അജിത് പവാറിന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കാന്‍ എന്‍സിപി ശിവസേനയ്ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നാണ് സൂചന.

എന്‍സിപിയില്‍ വിമത നീക്കം നടത്തി ബിജെപിക്കൊപ്പം ചേര്‍ന്ന അജിത് പവാര്‍, ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിനൊപ്പം നവംബര്‍ 23നു രാവിലെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്നാല്‍ ഗത്യന്തരമില്ലാതെ നവംബര്‍ 26ന് രാജിവെക്കുകയും ചെയ്തു.

പിന്നാലെ നവംബര്‍ 28ന് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ത്രികക്ഷി സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ അജിത് എന്‍സിപി പാളയത്തിലേക്ക് തിരിച്ചെത്തി.

ഉപമുഖ്യമന്ത്രി പദവിയില്‍ കഷ്ടിച്ച് 80 മണിക്കൂര്‍ മാത്രം നീണ്ട കാലയളവിനുള്ളില്‍ജലസേചന പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ട് അജിത് പവാറിനെതിരായകേസുകള്‍ അവസാനിപ്പിച്ചിരുന്നു.

ശരദ് പവാര്‍ കഴിഞ്ഞാല്‍ എന്‍സിപിയില്‍ ഏറ്റവും സ്വാധീനമുള്ള നേതാവാണ് അജിത് പവാര്‍. മഹാഅഘാഡി സര്‍ക്കാരില്‍ മുഖ്യമന്ത്രി പദം ലഭിക്കുന്നതോടെ കേവലം 38 ദിവസത്തിനുള്ളില്‍ രണ്ട് സര്‍ക്കാരുകളില്‍ ഉപമുഖ്യമന്ത്രിയാകുന്ന വ്യക്തിയായി അജിത് മാറും.

 

 

Top