രോഹിതും- ധവാനും ടീമിലുണ്ടായിരുന്നെങ്കില്‍ ഇന്ത്യ വിജയിക്കുമായിരുന്നെന്ന് അജിത് അഗാര്‍ക്കര്‍

ദുബായ്: ഏഷ്യാകപ്പില്‍ അഫ്ഗാനെതിരെ ഇന്ത്യന്‍ ടീം സമനില വഴങ്ങിയതിന് കാരണം രണ്ട് സൂപ്പര്‍താരങ്ങളുടെ അഭാവമെന്ന് മുന്‍താരം അജിത് അഗാക്കര്‍. 253 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ റഷീദ് ഖാന്‍ എറിഞ്ഞ അവസാന ഓവറിലാണ് സമനിലയിലെത്തിയത്.

എന്നാല്‍ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും ടീമിലുണ്ടായിരുന്നെങ്കില്‍ ഇന്ത്യ വിജയിക്കുമായിരുന്നെന്ന് അഗാക്കര്‍ പറഞ്ഞു. രോഹിതിനും ധവാനും പകരം ഓപ്പണര്‍മാരായെത്തിയ കെ.എല്‍ രാഹുലും, അമ്പാട്ടി റായുഡുവും നന്നായി കളിച്ചു. എന്നാല്‍ ഇന്ത്യയെ ഒരാള്‍ വിജയത്തിലേക്ക് നയിക്കണമായിരുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നാല്‍ നേരത്തെ ഫൈനല്‍ ഉറപ്പിച്ചതിനാലാണ് ഇന്ത്യ ധവാനും രോഹിതും അടക്കമുള്ള പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചത്.

ഓപ്പണര്‍മാരായ രാഹുല്‍ റായുഡു സഖ്യം 17.1 ഓവറില്‍ 110 റണ്‍സാണ് നേടിയത്. എന്നാല്‍ അനാവശ്യ ഷോട്ടുകളില്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ പുറത്താകുകയും ചെയ്തു. പിന്നീട് വന്നവരില്‍ ദിനേശ് കാര്‍ത്തിക് ഒഴികെയുള്ള ആര്‍ക്കും തിളങ്ങാനാകാതെ പോയതോടെ ഇന്ത്യയുടെ പോരാട്ടം സമനിലയില്‍ അവസാനിക്കുകയായിരുന്നു.

Top