തത്കാലം റിലീസിനെ കുറിച്ച് ചിന്തിക്കേണ്ടെന്ന് അജിത്; ‘വലിമൈ’ ഉടൻ ഉണ്ടാവില്ല

മിഴ് നടൻ അജിത് കുമാറിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘വലിമൈ’. ചിത്രത്തിന്റെ ഷൂട്ടിംഗ് അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കുകയാണിപ്പോൾ. അജിത്തിന്‍റെ ജന്മദിനമായ മെയ് ഒന്നിന് ചിത്രം റിലീസ് ചെയ്യാൻ നിര്‍മ്മാതാക്കള്‍ക്ക് താല്‍പര്യമുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാൽ റിലീസിനെ സംബന്ധിച്ച് തന്‍റെ നിലപാട് അജിത്ത് നിര്‍മ്മാതാക്കളെ അറിയിച്ചതായാണ് വിവരം. കൊവിഡ് സാഹചര്യത്തില്‍ കാര്യമായ മാറ്റമുണ്ടാവാതെ ചിത്രം റിലീസ് ചെയ്യേണ്ട എന്ന തീരുമാനത്തിലാണ് അജിത്ത്. ‘യെന്നൈ അറിന്താലി’നു ശേഷം അജിത്ത് കുമാര്‍ വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണ് വലിമൈ. ടൈറ്റില്‍ റോളിലാണ് ‘തല’ എത്തുന്നത്.

ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ബൈക്ക് സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടെ രണ്ടു തവണ അജിത്തിന് പരുക്കേറ്റത് വാര്‍ത്തയായിരുന്നു. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബോണി കപൂര്‍ ആണ്. ഒരു പൊലീസ് ത്രില്ലര്‍ എന്നു കരുതപ്പെടുന്ന ചിത്രത്തില്‍ യാമി ഗൗതം, ഇലിയാന ഡിക്രൂസ്, ഹുമ ഖുറേഷി എന്നിവരാണ് നായികമാര്‍.അതേസമയം കേന്ദ്രസര്‍ക്കാര്‍ ഇടപെടലിനെത്തുടര്‍ന്ന് തീയേറ്ററുകളില്‍ 100 ശതമാനം പ്രവേശനം അനുവദിച്ചുള്ള ഉത്തരവ് തമിഴ്നാട് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇതുപ്രകാരം തീയേറ്ററുകളില്‍ പകുതി സീറ്റുകളിലേക്ക് മാത്രമേ കാണികളെ പ്രവേശിപ്പിക്കൂ. എന്നാല്‍ പ്രദര്‍ശനങ്ങളുടെ എണ്ണം ആവശ്യാനുസരണം വര്‍ധിപ്പിക്കാം.

Top