തമിഴകത്തെ ഏറ്റവും വലിയ ഫെസ്റ്റിവെല്‍ സീസണായ പൊങ്കലില്‍ രണ്ട് സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളായിരുന്നു ബോക്സോഫീസില്‍ മാറ്റുരയ്ക്കാന്‍ എത്തിയത്. ഒന്ന് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റേയും രണ്ട് തമിഴകത്തിന്റെ തല അജിത്തിന്റെയും. കാര്‍ത്തിക് സുബ്ബരാജ് ചിത്രം പേട്ടയായിരുന്നു രജനിയുടെ ചിത്രം. ശിവ സംവിധാനം ചെയ്ത വിശ്വാസമായിരുന്നു അജിത്തിന്റെ ചിത്രം.
എന്നാല്‍ ബോക്സോഫോസില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടി വന്‍ വിജയം നേടിയത് അജിത്തിന്റെ വിശ്വാസം ആയിരുന്നു. ബിഗ് സ്ക്രിനില്‍ വിശ്വാസം വന്‍ ഹിറ്റായപ്പോള്‍ മിനി സിക്രീനിലും അതു തന്നെ സംഭവിച്ചു. മിനി സ്ക്രീനിലെ കണക്കുകള്‍ പ്രകാരം അജിത്ത്കുമാറിന്റെ ‘വിശ്വാസം’ ടെലിവിഷന്‍ പ്രീമിയറില്‍ റെക്കോര്‍ഡ് കാണികളെയാണ് സ്വന്തമാക്കിയിരിക്കുന്നത്.
രജനിയുടെ പേട്ട ടെലിവിഷനിലെത്തി രണ്ടാഴ്ച കഴിഞ്ഞായിരുന്നു വിശ്വാസത്തിന്റെ ആദ്യ പ്രദര്‍ശനം. ഏപ്രില്‍ 14നായിരുന്നു പേട്ടയുടെ ടെലിവിഷന്‍ പ്രീമിയര്‍ വന്നത്. വിശ്വാസത്തിന്റെ ടെലിവിഷനിലെ ആദ്യ പ്രദര്‍ശനം മെയ് ഒന്നിനായിരുന്നു. മുന്‍പ് വന്ന എല്ലാം തമിഴ് സിനിമകളേയും പിന്നിലാക്കിയാണ് അജിത്തിന്റെ വിശ്വാസം ടെലിവിഷന്‍ പ്രീമിയറില്‍ റെക്കോര്‍ഡ് കാണികളെ സൃഷ്ടിച്ചത്.
ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലിന്റെ കണക്കുകള്‍ പ്രകാരം 1.81 കോടി കാണികളെയാണ് വിശ്വാസത്തിന് ലഭിച്ചത്. മുന്‍പ് ടെലിവിഷന്‍ റേറ്റിംഗില്‍ ഉണ്ടായിരുന്ന പിച്ചൈക്കാരനെയും ബാഹുബലി 2നെയും സര്‍ക്കാരിനെയുമൊക്കെ പിന്നിലാക്കിയാണ് വിശ്വാസം ഈ റെക്കോര്‍ഡ് വിജയം സ്വന്തമാക്കിയത്.