അജ്മാന്‍: കൊവിഡ് കാലമാണെന്നോര്‍ക്കാതെ കച്ചവടം കൂട്ടാന്‍ ആധായ വില്‍പ്പന നടത്തിയ അജ്മാനിലെ ഷോപ്പിംഗ് സെന്ററിന് കിട്ടിയത് എട്ടിന്റെ പണി. അജ്മാന്‍ പൊലീസ് ഷോപ്പിംഗ് സെന്റര്‍ പൂട്ടിച്ചുവെന്നു മാത്രമല്ല, സാമ്പത്തിക വികനസകാര്യ മന്ത്രാലയം 5000 ദിര്‍ഹം ഫൈനും ചുമത്തി. കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചതിനായിരുന്നു നടപടി.
ഡിസ്‌കൗണ്ട് മേള പ്രഖ്യാപിച്ചതായിരുന്നില്ല നടപടിക്കു കാരണം. മറിച്ച് ഡിസ്‌കൗണ്ട് ഓഫറുണ്ടെന്നറിഞ്ഞപ്പോള്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ ആളുകള്‍ ഒഴുകിയെത്തിയതാണ് പ്രശ്നമായത്. ഷോപ്പിംഗ് സെന്റര്‍ ഉടമകളാവട്ടെ, സാമൂഹ്യ അകലം പാലിക്കാനോ പ്രവേശനം നിയന്ത്രിക്കാനോ ഒരു നടപടിയും സ്വീകരിച്ചതുമില്ല. ആളുകള്‍ ഷോപ്പിംഗ് സെന്ററില്‍ തിക്കും തിരക്കും കൂട്ടുന്നതിന്റെ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയുമായി പൊലീസ് രംഗത്തെത്തിയത്.ശനിയാഴ്ച പരിശോധന നടത്തിയ 194 ഷോപ്പുകളില്‍ 83 ശതമാനം ഷോപ്പുകളും ശരിയായ രീതിയില്‍ കൊവിഡ് പെരുമാറ്റച്ചട്ടം പാലിച്ചതായി കണ്ടെത്തി.