അജ്മാനിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന പ്രവാസിയുടെ മൃതദേഹം നാട്ടിലേക്ക് അയച്ചു

dead-body

അജ്മാന്‍: നാല് മാസത്തിലധികമായി അജ്മാനിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന പ്രവാസിയുടെ മൃതദേഹം നാട്ടിലേക്ക് അയച്ചു. മദ്ധ്യപ്രദേശ് സ്വദേശിയായ യുസുഫ് ഖാന്‍ റാഷിദ് ഖാന്‍ എന്നയാളെ ഏപ്രില്‍ 12നാണ് അല്‍ റാഷിദിയ്യയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. അജ്മാന്‍ പൊലീസും ഫോറന്‍സിക് വിഭാഗവും നടത്തിയ പരിശോധനകളില്‍ ശരീരത്തില്‍ വിഷാശം കണ്ടെത്തി. ഇയാള്‍ ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത്.

നടപടികള്‍ പൂര്‍ത്തിയായ ശേഷവും മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കളോ സുഹൃത്തുക്കളോ എത്തിയിയിരുന്നില്ല. വിസയുടെ പകര്‍പ്പല്ലാതെ ഇയാളുടെ പക്കല്‍ മറ്റൊരു രേഖയും ഉണ്ടായിരുന്നതുമില്ല. ഇതിനെ തുടര്‍ന്ന് അധികൃതര്‍ ജൂലൈ നാലിന് ഇന്ത്യന്‍ കോണ്‍സുലേറ്റിലും അജ്മാനിലെ ഇന്ത്യന്‍ അസോസിയേഷനിലും വിവരമറിയിച്ചിരുന്നു.

പാസ്‌പോര്‍ട്ട് കണ്ടെത്താന്‍ കഴിയാതിരുന്നതിനാല്‍ ഇയാളുടെ വിലാസം വ്യക്തമായിരുന്നില്ല. അധികൃതര്‍ മരണവിവരം വീട്ടില്‍ അറിയിച്ചെങ്കിലും മൃതദേഹം ഏറ്റെടുക്കാന്‍ കുടുംബക്കാര്‍ തയ്യാറായില്ല. കുടുംബക്കാര്‍ക്ക് മൃതദേഹം വീട്ടിലെത്തിക്കാനുള്ള ചിലവുകള്‍ വഹിക്കാനോ, ആരെയെങ്കിലും വിദേശത്തേക്ക് അയക്കാനോ കഴിയുമായിരുന്നില്ല. അതുകൊണ്ടുതന്നെ മൃതദേഹം ഏറ്റെടുക്കുന്നില്ലെന്ന് ഇവര്‍ അധികൃതരെ അറിയിച്ചിരുന്നു. തുടര്‍ന്ന് എല്ലാ ചിലവുകളും ഇന്ത്യന്‍ കോണ്‍സുലേറ്റ് ഏറ്റെടുത്ത് മൃതദേഹം നാട്ടിലേക്ക് അയച്ചു.

ഭാര്യയും നാല് പെണ്‍മക്കളും ഒരു മകനും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു മരണപ്പെട്ട യൂസുഫ് ഖാന്‍. ജനുവരി 18നാണ് തൊഴില്‍ തേടി ഇയാള്‍ യുഎഇയിലേക്ക് പോയത്.

Top