അജ്മീര്‍ ദര്‍ഗ സ്ഫോടനക്കേസ്; അറസ്റ്റിലായ സുരേഷ് നായര്‍ക്ക് നാടുമായി ബന്ധമില്ലെന്ന് ബന്ധു

ബറൂച്ച്: 2007 ല്‍ രാജസ്ഥാനിലെ അജ്മീര്‍ ദര്‍ഗയില്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മലയാളി, സുരേഷ് നായര്‍ വര്‍ഷങ്ങളായി നാട്ടില്‍ വരാറില്ലെന്ന് അമ്മയുടെ സഹോദരന്‍. സുരേഷുമായോ കുടുംബവുമായോ കുറേക്കാലമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സ്‌ഫോടനത്തിനായി സമഗ്രികള്‍ ഇയാള്‍ എത്തിച്ചിരുന്നുവെന്ന് ഗുജറാത്ത് എടിഎസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുരേഷിനെ ബറൂച്ചില്‍ വച്ച് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തത്.

2007 ഒക്ടോബര്‍ 11ന് റംസാന്‍ മാസത്തില്‍ നോമ്പുതുറ സമയത്ത് അജ്മീര്‍ ദര്‍ഗയിലുണ്ടായ സ്ഫോടനത്തില്‍ മൂന്നുപേര്‍ മരിക്കുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2010 ഒക്ടോബറില്‍ എടിഎസ് കുറ്റപത്രം സമര്‍പ്പിച്ച കേസ് 2011 ലാണ് എന്‍ഐഎ ഏറ്റെടുത്തത്.

കേസില്‍ ഒളിവിലായിരുന്ന മൂന്ന് പേരില്‍ ഒരാളാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. സന്ദീപ് ഡാങ്കെ, രാമചന്ദ്ര എന്നിവരാണ് മറ്റ് രണ്ട് പേര്‍.

Top