AK antony-article-about-ems-governments-land-reforms

1957-ലെ ഇ.എം.എസ് സര്‍ക്കാര്‍ തുടക്കമിട്ട ഭൂപരിഷ്‌ക്കരണം സാമൂഹിക സമത്വത്തിനു വേണ്ടിയുള്ള ധീരമായ ചുവട് വയ്പായിരുന്നുവെന്ന് കോണ്‍ഗ്രസ്സ് വര്‍ക്കിംഗ് കമ്മിറ്റി അംഗവും മുന്‍ മുഖ്യമന്ത്രിയുമായ എ.കെ ആന്റണി.

കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് പ്രമുഖ പത്രത്തിലെഴുതിയ ലേഖനത്തിലാണ് ഈ അഭിപ്രായപ്രകടനം.

കേരള പിറവിയുടെ അറുപതാം വാര്‍ഷികത്തില്‍ തിരിഞ്ഞ് നോക്കുമ്പോള്‍ വിദ്യാഭ്യാസ, ആരോഗ്യ, ഗതാഗത, ഭൂപരിഷ്‌ക്കരണ-സാമൂഹിക ക്ഷേമ മേഖലകളില്‍ വിപ്ലവകരമായ നേട്ടം കൈവരിച്ചതായി കാണാന്‍ സാധിക്കും.

ഭൂപരിഷ്‌ക്കരണത്തിന്റെ ഭാഗമായി ഏതാനും സെന്റ് ഭൂമി കൈവശം കിട്ടിയ തൊഴിലാളി കുടുംബങ്ങളെല്ലാം രണ്ടോ മൂന്നോ കുടുംബങ്ങളായി ഇതിനകം വളര്‍ന്നിരിക്കുകയാണ്.

എല്ലാവര്‍ക്കും സ്വന്തം വീടും മണ്ണും നല്‍കി അടുത്ത ചുവട് വച്ചില്ലെങ്കില്‍ പരിഷ്‌ക്കരണം പൂര്‍ത്തിയാവില്ലെന്നും എ.കെ.ആന്റണി ചൂണ്ടിക്കാട്ടി.

പട്ടികജാതി, ദലിത് വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരെ സ്വകാര്യ മേഖല തഴയുകയാണ്. അവര്‍ക്കിടയിലെ അസ്വസ്ഥത പുകയുന്നത് കാണാതിരിക്കരുത്.
ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ജന്മി-കുടിയാന്‍ കാലത്തേക്കാള്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. മുകള്‍തൊട്ട് ശാന്തമാണെങ്കിലും കേരള സമൂഹത്തിന്റെ അടിത്തട്ട് സംഘര്‍ഷഭരിതമാണ്.

കായികാധ്വാനമുള്ള ജോലികള്‍ ചെയ്യാന്‍ കേരളീയര്‍ തയ്യാറല്ല. കുറഞ്ഞ കൂലിക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ കൊണ്ട് പണിയെടുപ്പിക്കുകയാണ്.
ഗള്‍ഫിലെ ലേബര്‍ ക്യാംപുകളെ കുറ്റം പറയുന്ന നാം കേരളത്തിലെ ക്യാംപുകള്‍ കണ്ട് ലജ്ജിക്കണം.

സ്വന്തം നാട്ടില്‍ അന്തസ്സോടെ തൊഴില്‍ ചെയ്യാന്‍ മലയാളി തയ്യാറാവുന്നില്ലെങ്കില്‍ കേരള തനിമ അവകാശപ്പെടാന്‍ നമുക്കാവില്ലെന്നും ആന്റണി ചൂണ്ടിക്കാട്ടി.

Top