സമാദരണീയ വ്യക്തിത്വത്തിനും നേതൃപാടവത്തിനും ഉടമയായിരുന്നു എം.എംജേക്കബ് ;എ.കെ.ആന്റണി

antony

തിരുവനന്തപുരം : എം.എം.ജേക്കബിന്റെ മരണത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ.ആന്റണി ദുഃഖം രേഖപ്പെടുത്തി. സമാദരണീയ വ്യക്തിത്വത്തിനും നേതൃപാടവത്തിനും ഉടമയായിരുന്നു എം.എം ജേക്കബ് എന്ന് അനുശോചന സന്ദേശത്തില്‍ ആന്റണി പറഞ്ഞു.

യൂണിവേഴ്‌സിറ്റി കോളേജ് പഠനകാലത്ത് സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തില്‍ പങ്കെടുത്ത അദ്ദേഹം ആചാര്യ വിനോഭ ഭാവയുടെ ഭൂദാന പ്രസ്ഥാനത്തിന്റെയും ഭാരത് സേവക്ക് സാമാജിന്റെയും മുഖ്യപ്രവര്‍ത്തകരില്‍ ഒരാളായി മാറി. അക്കാലത്ത് ജവാഹര്‍ലാല്‍ നെഹ്‌റു, ഗുല്‍സാരിലാല്‍ നന്ദ തുടങ്ങിയ നേതാക്കളുമായി അടുത്ത് ഇടപഴകാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നു.

കെ.പി .സി .സി ജനറല്‍ സെക്രട്ടറി, ട്രഷറര്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചു. തുടര്‍ന്ന് രാജ്യസഭാ അംഗമായ അദ്ദേഹം കേന്ദ്ര സഹമന്ത്രിയായി വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തു. രാജ്യസഭാ ഉപാധ്യക്ഷനായപ്പോള്‍ തന്റെ ചുമതലകള്‍ സുത്യര്‍ഹമായി നിറവേറ്റി.

മേഘാലയ ഗവര്‍ണര്‍ എന്ന നിലയ്ക്ക് ഏറ്റവും ജനകീയനായി പ്രവര്‍ത്തിച്ച് ഭരണപ്രതിപക്ഷ വ്യത്യാസം ഇല്ലാതെ ഏവരുടെയും ആദരവ് നേടി.വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ ദേശീയ മുഖ്യധാരയില്‍ കൊണ്ടുവരാന്‍ ഗവര്‍ണറെന്ന നിലയില്‍ വിലപ്പെട്ട സംഭാവനയാണ് നല്‍കിയത്. കേരളത്തിലും കേന്ദ്രത്തിലും അദ്ദേഹവുമായി ദീര്‍ഘകാലം സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ അവസരം ലഭിച്ചിട്ടുണ്ടെന്നും ആന്റണി വ്യക്തമാക്കി.

Top