തിരുവനന്തപുരം: കൊച്ചിയില്‍ നടിക്കെതിരായ അതിക്രമത്തിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്ത നടപടി തികച്ചും നിയമാനുസൃതമാണെന്ന് നിയമ മന്ത്രി എ കെ ബാലന്‍.
അറസ്റ്റുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ത്തുവാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നുണ്ട്. ഇവര്‍ ആരുടെ താല്‍പര്യം സംരക്ഷിക്കുന്നു എന്ന് കേരള ജനത തിരിച്ചറിയുന്നുമുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ട പ്രതിയോട് ഹാജരാകുവാന്‍ ഒരു സമന്‍സും ആ കോടതി അയച്ചിരുന്നില്ല. കോടതിയില്‍ കീഴടങ്ങുന്നതിന് അറസ്റ്റ് ചെയ്യപ്പെട്ടയാള്‍ ഹര്‍ജിയും ബോധിപ്പിച്ചിട്ടില്ല. പ്രതിക്കെതിരായി ആരോപിക്കപ്പെട്ട കേസുകള്‍ അതീവ ഗുരുതരവും ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമുള്ളതുമാണെന്നും അദ്ദേഹം അറിയിച്ചു.
ഉച്ചയ്ക്ക് കോടതി പിരിഞ്ഞ ശേഷം പ്രതി കോടതി വളപ്പില്‍ മതില്‍ചാടി അനധികൃതമായി പ്രവേശിക്കുകയും ഒഴിഞ്ഞ കോടതി മുറിയില്‍ ചില സഹായികളോടൊപ്പം അതിക്രമിച്ച് കയറി വാതിലുകള്‍ അടച്ച് പ്രതിക്കൂട്ടില്‍കയറി ഒളിച്ചു.
കോടതി നിര്‍ദ്ദേശിക്കാതെ എങ്ങനെയാണ് ഒരു പ്രതിക്ക് കോടതി മുറിക്കകത്ത് പ്രവേശിക്കുവാനും സാക്ഷിക്കൂട്ടിലും പ്രതിക്കൂട്ടിലും കയറി നില്‍ക്കുവാനും കഴിയുക. ക്രിമിനലുകള്‍ക്ക് അഭയകേന്ദ്രമായി കോടതി മുറികളെ മാറ്റാന്‍ അനുവദിക്കില്ലെന്നും ബാലന്‍ പറഞ്ഞു.
നടിക്കെതിരായ ഹീനമായ അതിക്രമത്തിലെ പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നു എന്ന വാര്‍ത്ത ഏറെ ആശ്വാസകരമാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെയും ക്വട്ടേഷന്‍ സംഘങ്ങളുടെ അഴിഞ്ഞാട്ടത്തെയും ഈ സര്‍ക്കാര്‍ വെച്ചുപൊറുപ്പിക്കില്ല. ഏത് മാളത്തില്‍ ഒളിച്ചാലും പ്രതിയെ പുകച്ച് പുറത്ത് ചാടിച്ച് പിടിക്കുമെന്ന് വ്യക്തമായിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.