കോഴിക്കോട്: പൊള്ളചിട്ടികളടക്കം വന്‍തിരിമറിയാണ് കെ.എസ്.എഫ്.ഇ.യില്‍ നടക്കുന്നതെന്നും ഇഡി നാളെ കെ.എസ്.എഫ്.ഇ.യിലും വന്ന് കൂടെന്നില്ലെന്നും സിപിഎം നേതാവ് എകെ ബാലന്‍. കരുവന്നൂര്‍ തുടങ്ങും മുമ്പേ കെ.എസ്.എഫ്.ഇ.യില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ അതില്‍ നടപടി എടുത്താതാണെന്നും എകെ ബാലന്‍ പറഞ്ഞു. ഇടതുപക്ഷത്തിന്റെ അടിസ്ഥാന അടിത്തറ ശക്തിപ്പെടുത്തുന്നതാണ് സഹകരണ മേഖലയെന്നും അവിടെ മൂന്നാലിടത്ത് പ്രശ്‌നം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് സഹകരണ സ്ഥാപനങ്ങളിലാണ് കൂടുതല്‍ പ്രശ്‌നമുള്ളതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
കെഎസ്എഫ്ഇ യിലെ തിരിമറികള്‍ക്കെതിരെ ശക്തമായ നടപടി സംസ്ഥാനം സ്വീകരിച്ചെന്നും കെഎസ്എഫ്ഇ നല്ല മതിപ്പുള്ള സ്ഥാപനമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആ മതിപ്പ് തകരരുതെന്നും തകര്‍ന്നാല്‍ കേന്ദ്ര ഏജന്‍സി എത്തി അവിടെയും തകര്‍ക്കുമെന്നും എകെ ബാലന്‍ പറഞ്ഞു. കോഴിക്കോട് കെഎസ്എഫ്ഇ ഓഫീസേഴ്‌സ് യൂണിയന്‍ സംസ്ഥാന സമ്മേള്ളനത്തിലാണ് എകെ ബാലന്റെ പ്രതികരണം.
കേരളത്തിലെ സഹകരണ സംഘങ്ങളുടെ അടിത്തറ ശക്തമാണെന്നും എന്നാല്‍ ഒന്നുരണ്ട് സ്ഥാപനങ്ങളില്‍ ഉണ്ടായ പിഴവിന്റെ അടിസ്ഥാനത്തില്‍ പ്രസ്ഥാനം ക്രൂശിക്കപ്പെട്ടെന്നും അവിടെ വരാന്‍ പാടില്ലാത്ത ഏജന്‍സി വന്നെന്നും എകെ ബാലന്‍ പറഞ്ഞു. സഹരണ മേഖലയോട് കേന്ദ്രം സ്വീകരിക്കുന്നത് പ്രതികൂല നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയില്‍ മാത്രമല്ല നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്എഫ് ഇ പോലുള്ള ധനകാര്യ സ്ഥാപനങ്ങളിലും ഇഡി എത്തുമെന്നും അതിനാല്‍ ഇപ്പോഴത്തെ മതിപ്പും പ്രവര്‍ത്തനവും തുടര്‍ന്നും നിലനിര്‍ത്തണമെന്നും എകെ ബാലന്‍ പറഞ്ഞു.