പട്ടികജാതി-വര്‍ഗ വികസന വകുപ്പിന്റെ ചികിത്സാ-ധനസഹായ വിതരണം ഇനി മുതല്‍ ഓണ്‍ലൈനില്‍

തിരുവനന്തപുരം: പട്ടികജാതി-വര്‍ഗ വികസന വകുപ്പിന്റെ ചികിത്സാ-ധനസഹായ വിതരണം ഇനി മുതല്‍ ടി ഗ്രാന്റ്‌സ് എന്ന പേരില്‍ ഓണ്‍ലൈന്‍ വഴി ആയിരിക്കുമെന്ന് മന്ത്രി എ.കെ.ബാലന്‍.

ടി ഗ്രാന്റ്‌സ് സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ച് വീട്ടിലിരുന്നും അക്ഷയ സെന്ററുകള്‍ വഴിയും അപേക്ഷ സമര്‍പ്പിക്കാം. എംഎല്‍എമാരുടെ കത്തോട് കൂടിയും അപേക്ഷ സമര്‍പ്പിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.

അതാത് എം.എല്‍.എമാര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയാകുമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. നാളെ മുതല്‍ ഓണ്‍ലൈന്‍ സംവിധാനം പ്രവര്‍ത്തിച്ചു തുടങ്ങും.

ദുരിതാശ്വാസ നിധിയില്‍ നിന്നും മാരകരോഗം ബാധിച്ചവര്‍ക്കുള്ള ചികിത്സ, അപകടം മൂലമോ രോഗം മൂലമോ വരുമാനദായകനായ വ്യക്തിയുടെ മരണം, പ്രകൃതിക്ഷോഭം, തീപിടുത്തം എന്നീ ദുരന്തങ്ങള്‍ക്കും ധനസഹായം നല്‍കിവരുന്നുണ്ട്.

50,000 രൂപവരെയാണ് സാധാരണ ഗതിയില്‍ ധനസഹായം അനുവദിക്കുന്നത്. ചില പ്രത്യേക കേസുകളില്‍ ചികിത്സയ്ക്ക് ആശുപത്രികളില്‍ വലിയ ചെലവ് ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ 1 ലക്ഷം രൂപ വരെ അനുവദിക്കാറുണ്ട്. ആശുപത്രികളുടെ പേരിലാണ് 50,000 ത്തില്‍ കൂടുതല്‍ വരുന്ന തുകകള്‍ അനുവദിക്കാറുള്ളത്. നിലവില്‍ ചുരുങ്ങിയത് ആറ് മാസമെങ്കിലും സമയം എടുത്താണ് ധനസഹായം ആവശ്യക്കാരന്റെ കൈകളിലെത്തുന്നത്.

ഇതിന് പരിഹാരം കാണുന്നതിനാണ് ടിഗ്രാന്റ്‌സ് ആവിഷ്‌കരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

Top