ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് സ്വര്‍ണകടത്ത് നടന്നതെന്ന് പ്രധാനമന്ത്രി പറയണം;എ കെ ബാലന്‍

തിരുവനന്തപുരം: തൃശ്ശൂരിലെ ബിജെപി വേദിയില്‍ സ്വര്‍ണകള്ളക്കടത്ത് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശത്തിനെതിരെ എ കെ ബാലന്‍ രംഗത്ത്. പ്രധാനമന്ത്രിയുടെത് അതീവ ഗുരുതരമായ വെളിപ്പെടുത്തലാണെന്ന് എ കെ ബാലന്‍ പറഞ്ഞു. വിഷയത്തില്‍ മൂന്ന് ഏജന്‍സികള്‍ കുറ്റപത്രം നല്‍കിയെന്നും അന്വേഷണ ഏജന്‍സികള്‍ പറയാത്ത കാര്യമാണ് പ്രധാനമന്ത്രി വെളിപ്പെടുത്തിയതെന്നും എ കെ ബാലന്‍. ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് സ്വര്‍ണകടത്ത് നടന്നതെന്ന് പ്രധാനമന്ത്രി പറയണമെന്നും എ കെ ബാലന്‍ ആവശ്യപ്പെട്ടു.

അന്വേഷണ ഏജന്‍സികള്‍ പറയാത്ത കാര്യമാണ് പ്രധാനമന്ത്രി വെളിപ്പെടുത്തിയത്. ഇതിന്റെ തെളിവുകള്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കണം. കുറ്റപത്രത്തില്‍ പറയാത്ത കാര്യമാണ് പ്രധാനമന്ത്രി വെളിപ്പെടുത്തിയത്. മുഖ്യമന്ത്രിയെ നികൃഷ്ടമായ രീതിയില്‍ പരോക്ഷമായി അപമാനിച്ചവെന്നും എ കെ ബാലന്‍ ആരോപിച്ചു. കേന്ദ്ര ഏജന്‍സിയുടെയോ പ്രധാനമന്ത്രിയുടെയോ ഔദാര്യം വേണ്ടെന്നും എ കെ ബാലന്‍ വ്യക്തമാക്കി.

ബിജെപി ചടങ്ങില്‍ പങ്കെടുത്ത പ്രതിഭകള്‍ വഞ്ചിക്കപ്പെട്ടു. ബിജെപി വേദിയില്‍ പോകുന്നത് ശരിയാണോ? ബിജെപി വേദിയില്‍ എത്തിച്ചത് തെറ്റിദ്ധരിപ്പിച്ച്. അവര്‍ അത് പരിശോധിക്കണമെന്നും എ കെ ബാലന്‍ ആവശ്യപ്പെട്ടു.തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്ര മൈതാനിയില്‍ നടന്ന മഹിളാ മോര്‍ച്ചയുടെ മഹിളാ സംഗമത്തില്‍ സംസാരിക്കുമ്പോഴായിരുന്നു സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പ്രധാനമന്ത്രിയുടെ പരാമര്‍ശം. . ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് സ്വര്‍ണക്കടത്ത് നടന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്നായിരുന്നു നരേന്ദ്ര മോദിയുടെ പരാമര്‍ശം.

Top