ആദിവാസികളെ ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ സര്‍ക്കാര്‍ ശക്തമായി ചെറുക്കുമെന്ന് മന്ത്രി എ.കെ. ബാലന്‍

ak balan

തിരുവനന്തപുരം : ആദിവാസികളെ സംരക്ഷിക്കാന്‍ കേന്ദ്രം നിയമഭേദഗതി നടത്തണമെന്ന് മന്ത്രി എ.കെ. ബാലന്‍.

ആദിവാസികളില്‍നിന്ന് ഭൂമി തിരിച്ചു പിടിക്കണമെന്ന സുപ്രീം കോടതി വിധി തണലാക്കി കേരളത്തിലെ വനങ്ങളില്‍നിന്ന് ആദിവാസികളെ ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ സര്‍ക്കാര്‍ ശക്തമായി ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആദിവാസികളെ സംരക്ഷിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയമ ഭേദഗതി നടത്തണമെന്നും ആവശ്യമെങ്കില്‍ അപ്പീല്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ പകരം ഭൂമി നല്‍കും. ഇതിനുള്ള ഭൂമി കണ്ടെത്തുന്നതുവരെ ഇവരെ ഒഴിപ്പിക്കരുതെന്ന നിലപാട് സര്‍ക്കാര്‍ കോടതിയെ അറിയിക്കുമെന്നും ഇത് സുപ്രീം കോടതി അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ പത്ത് ലക്ഷം ആദിവാസികളെയാണ് വിധി ബാധിക്കുന്നത്. 19,000 ഏക്കര്‍ നിക്ഷിപ്ത വനഭൂമി ആദിവാസികള്‍ക്ക് വിതരണത്തിനു കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേരളത്തിനു അനുവദിച്ചിരുന്നു. ഇതില്‍ 3,537 ഏക്കര്‍ ഭൂമി മാത്രമാണ് വിതരണത്തിനു ലഭിച്ചത്. സംസ്ഥാനത്ത് 9,000 ആദിവാസികള്‍ക്കാണ് നിലവില്‍ ഭൂമിയില്ലാത്തത്. ഇവര്‍ക്ക് ഭൂമി നല്‍കാനുള്ള നടപടി നാലു മാസത്തിനകം പൂര്‍ത്തിയാക്കാനാവുമെന്നും മന്ത്രി വ്യക്തമാക്കി.

Top