തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ബേബിഡാമിലെ മരംമുറി ഉത്തരവില്‍ കുറ്റം ചെയ്തവര്‍ക്കെതിരെ പഴുതടച്ച നടപടി സ്വീകരിക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. ശിക്ഷിക്കേണ്ടവരെ ശിക്ഷിക്കുമെന്നും ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള കാലതാമസം മാത്രമാണുള്ളത്, ആരുടെ മുമ്പിലും സര്‍ക്കാര്‍ മുട്ടുവിറച്ചു നില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ബേബി ഡാമിന്റെ പരിസരത്ത് 23 മരങ്ങള്‍ മുറിക്കാനാണ് തമിഴ്നാട് ആവശ്യപ്പെട്ടത്. 15 മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കി നവംബര്‍ 5ന് ഉത്തരവിറങ്ങി. ഇക്കാര്യം സര്‍ക്കാര്‍ ശ്രദ്ധയില്‍ വന്നത് നവംബര്‍ 6 നാണ്. ഉടന്‍ ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു എന്നും അദ്ദേഹം വ്യക്തമാക്കി.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാട് കേരളത്തിനു സുരക്ഷയും തമിഴ്നാടിന് ജലവും എന്നതുതന്നെയാണ്. സംസ്ഥാന നിയമസഭ ഇക്കാര്യത്തില്‍ ഐകകണ്ഠ്യേന പ്രമേയം പാസ്സാക്കിയിട്ടുണ്ട്. അതില്‍ നിന്നും വ്യത്യസ്തമായ സമീപനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഒരു ഘട്ടത്തിലും ഉണ്ടായിട്ടില്ലെന്നും ഇനി ഉണ്ടാവുകയുമില്ലെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു.