തിരുവനന്തപുരം: ഹെല്‍മെറ്റ് പരിശോധന കര്‍ശനമാക്കുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍. പരിശോധനയ്ക്കായി മെച്ചപ്പെട്ട കാമറ സ്ഥാപിച്ചു. ബോധവത്കരണത്തിന് നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
ഹെല്‍മറ്റ് പരിശോധന സംബന്ധിച്ച് ഹൈക്കോടതി വിധി പ്രസ്താവിച്ച സാഹചര്യത്തില്‍ ഇനി പ്രാകൃതമായ വേട്ടയാടലുണ്ടാവില്ലെന്ന് മന്ത്രി പറഞ്ഞു. ഒരു ജില്ലയില്‍ നൂറ് ക്യാമറകളെങ്കിലും ഇതിനായി സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.
ഓടിച്ചിട്ട് ഹെല്‍മെറ്റ് വേട്ട വേണ്ടെന്നു ഹൈക്കോടതി നിര്‍ദേശിച്ചതിനു പിന്നാലെയാണ് പരിശോധന കര്‍ശനമാക്കുമെന്ന് മന്ത്രി വ്യക്തമാക്കിയത്. ഡിസംബര്‍ ഒന്ന് മുതല്‍ ഇരുചക്ര വാഹനത്തിലെ പിന്‍സീറ്റ് യാത്രികര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. നിയമം ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി വിധി എതിരാകുമെന്ന് ബോധ്യപ്പെട്ട് പിന്‍വലിക്കുകയും ചെയ്തിരുന്നു.
കെഎസ്ആര്‍ടിസിയില്‍ ശമ്പളം വൈകുന്നത് സംബന്ധിച്ച ചോദ്യത്തിന് കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധിയുണ്ടെന്നത് യഥാര്‍ത്ഥ്യമാണെന്നും എന്താണ് ചെയ്യാന്‍ സാധിക്കുക എന്ന കാര്യത്തില്‍ മുഖ്യമന്ത്രിയും ധനമന്ത്രിയുമായി ചര്‍ച്ചകള്‍ തുടരുകയാണെന്നും ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ വ്യക്തമാക്കി.