തിരുവനന്തപുരം: തോമസ് ചാണ്ടി കണ്ട മന്ത്രി സ്വപ്നം ഇനി തകർന്നടിയും.
മന്ത്രിക്കെതിരെ നടത്തിയത് സ്റ്റിംഗ് ഓപ്പറേഷനാണെന്ന് വാർത്ത പുറത്തുവിട്ട ചാനൽ മേധാവി തന്നെ വ്യക്തമാക്കുകയും മാപ്പു പറയുകയും ചെയ്തതിനാൽ മന്ത്രി സ്ഥാനത്ത് ശശീന്ദ്രനോട് തന്നെ തുടരാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.
മലപ്പുറം തിരഞ്ഞെടുപ്പിന് മുൻപ് തന്നെ മന്ത്രി പദവി തിരിച്ചു നൽകുമോ ,അതോ അതിനു ശേഷമാണോ എന്നതാണ് ഇനി അറിയാനുള്ളത്. കൂടുതൽ വ്യക്തത വരുത്താൻ അന്വേഷണ റിപ്പോർട്ട് വരട്ടെ എന്ന് വേണമെങ്കിലും മുഖ്യമന്ത്രിക്ക് തീരുമാനിക്കാം. എങ്ങനെയായാലും ശശീന്ദ്രന് തന്നെ വീണ്ടും അവസരം ലഭിക്കുന്ന സാഹചര്യമാണുള്ളത്.
ഇപ്പോഴത്തെ സാഹചര്യത്തിൽ ഇടതു മുന്നണിയും എൻസിപി നേതൃത്വവും ശശീന്ദ്രൻ തന്നെ തുടരട്ടെ എന്ന നിലപാട് സ്വീകരിക്കുമെന്നാണ് അറിയുന്നത്.
നിരപരാധിത്വം ബോധ്യപ്പെട്ടാൽ മന്ത്രി സ്ഥാനത്ത് ശശീന്ദ്രന് തിരിച്ചെത്താമെന്ന് എൻസിപി അഖിലേന്ത്യാ പ്രസിഡന്റ് ശരദ് പവാറും സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയനും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
പകരം സംവിധാനമെന്ന നിലയ്ക്കാണ് തോമസ് ചാണ്ടിയെ മന്ത്രിയാക്കാൻ നിർദ്ദേശിച്ചിരുന്നത്.
ഇപ്പോൾ അന്വേഷണം തുടങ്ങും മുൻപ് തന്നെ ചാനൽ മാപ്പു പറഞ്ഞതിനാൽ ശശീന്ദ്രന്റെ നിരപരാധിത്വം വെളിപ്പെട്ടു കഴിഞ്ഞതായാണ് എൻ സി പി നേതൃത്വം ചൂണ്ടി കാണിക്കുന്നത്.
അതുകൊണ്ട് എത്രയും പെട്ടന്ന് മന്ത്രി പദവി ശശീന്ദ്രന് തിരികെ ലഭിക്കുമെന്നതിന്റെ ആഹ്ലാദത്തിലാണ് അദ്ദേഹത്തിന്റെ അനുയായികൾ.
മന്ത്രി സ്ഥാനം ലക്ഷ്യമിട്ട് ഗൾഫിൽ നിന്ന് പറന്നിറങ്ങിയ തോമസ് ചാണ്ടിക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങൾ.
തോമസ് ചാണ്ടിയെ മന്ത്രിയാക്കാൻ താൽപര്യമില്ലാതിരുന്ന മുഖ്യമന്ത്രിയടക്കമുള്ളവർക്കും അന്വേഷണത്തിന് മുൻപുള്ള മംഗളത്തിന്റെ കുറ്റസമ്മതം ശക്തമായി മുന്നോട്ട് പോകാൻ പ്രേരണ നൽകുന്നതാണ്. ശശീന്ദ്രൻ ആരോപണം കേട്ടപ്പോൾ തന്നെ രാജി വച്ചത് ശരിയായില്ലന്ന നിലപാടിലാണ് മുഖ്യമന്ത്രി.