ak sasindran honey trapping

തിരുവനന്തപുരം: എ.കെ ശശീന്ദ്രന്റെ മന്ത്രി സ്ഥാനം തെറിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടന്നത് ഹണിട്രാപ്പാണെന്ന് ആഭ്യന്തര വകുപ്പ് സ്ഥിരീകരിച്ചതായി കേരള കൗമുദി.

സംഭവത്തിനു പിന്നില്‍ മാസങ്ങള്‍ നീണ്ട ഗൂണ്ടാലോചനയുണ്ടെന്നതിന്റെ തെളിവുകള്‍ രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചു കഴിഞ്ഞതായാണ് കേരളകൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിശദ റിപ്പോര്‍ട്ട് ചുവടെ

ലൈംഗിക ചുവയോടെ ഫോണില്‍ സംസാരിച്ച് ശശീന്ദ്രനെ കുടുക്കാന്‍ മാസങ്ങളായി യുവതിയെ ചാനല്‍ നിയോഗിച്ചിരിക്കുകയായിരുന്നു. ഈ യുവതി നിരന്തരം മന്ത്രിയുടെ ഓഫീസില്‍ എത്തിയിരുന്നു. മന്ത്രിയുടെ ഫോണിലേക്ക് നിരന്തരം വിളിച്ചിരുന്നതായും രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണത്തില്‍ കണ്ടെത്തി.

യുവതിയുടെ പൂര്‍ണവിവരങ്ങളും ചിത്രങ്ങളും ആഭ്യന്തരവകുപ്പിന്റെ കൈവശമുണ്ട്. വിവാദമായതോടെ യുവതിയെ കേരളത്തിന് പുറത്തേക്ക് കടത്തിയതായും ആഭ്യന്തരവകുപ്പ് സ്ഥിരീകരിച്ചു.

മന്ത്രിയുടെ ഫോണിലേക്ക് വിളി വന്ന നമ്പര്‍ പിടിച്ചെടുത്ത് ഇന്റലിജന്‍സാണ് വിളിച്ചയാളെ കണ്ടെത്തിയത്. കൂടുതല്‍ തവണയും മന്ത്രിയുടെ ഫോണിലേക്ക് അങ്ങോട്ടുള്ള വിളികളായിരുന്നു. കെ.എസ്.ആര്‍.ടി.സി പ്രതിസന്ധിയെക്കുറിച്ച് ഗതാഗതമന്ത്രിയുടെ പ്രതികരണം തേടിയെത്തിയ വാര്‍ത്താസംഘത്തില്‍ യുവതിയെ ഉള്‍പ്പെടുത്തുകയും അതുവഴി മന്ത്രിയുമായി അടുപ്പമുണ്ടാക്കുകയുമായിരുന്നു. സംഭാഷണം തുടര്‍ച്ചയായി റെക്കാഡ് ചെയ്തു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഗോവയിലെത്തിയപ്പോഴത്തെ സംഭാഷണമാണ് എഡിറ്റ് ചെയ്ത് പുറത്തുവിട്ടത്. പരാതി നല്‍കാനെത്തിയപ്പോള്‍ ഫോണ്‍നമ്പര്‍ കൈക്കലാക്കി ലൈംഗിക ചുവയോടെ വിളിക്കുകയായിരുന്നുവെന്ന വാദം ഇന്റലിജന്‍സ് തള്ളിക്കളയുന്നു.

മറ്റൊരു ചാനലില്‍ അപ്രധാന ചുമതലയിലുണ്ടായിരുന്ന യുവതിയെ ഈ ദൗത്യം മുന്നില്‍കണ്ട് ചാനല്‍ റിക്രൂട്ട് ചെയ്യുകയായിരുന്നു. ശശീന്ദ്രന്‍ ഉപയോഗിച്ചിരുന്ന ഔദ്യോഗിക നമ്പര്‍ സര്‍ക്കാരിന്റെ പേരിലുള്ള ബി.എസ്.എന്‍.എല്‍ കണക്ഷനാണ്. ഇതിലേക്കുള്ള വിളികളുടെ പൂര്‍ണവിവരങ്ങള്‍ ഇന്റലിജന്‍സ് ശേഖരിച്ചിട്ടുണ്ട്. മറ്റ് രണ്ട് മന്ത്രിമാരും ഒരു സി.പി.എം എം.എല്‍.എയും ഫോണ്‍ കെണിയില്‍ കുടുങ്ങിയതായും കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു.

തേസമയം വിവാദവാര്‍ത്ത പുറത്തുവിട്ട ചാനലിലെ മാധ്യമപ്രവര്‍ത്തക അല്‍ നിമ
അഷറഫ് രാജിവെച്ചതായ വാര്‍ത്തയും ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് രാജിവെക്കാനുള്ള സാഹചര്യങ്ങള്‍ അവര്‍ പങ്കുവെച്ചത്.

ചൊവ്വാഴ്ചയാണ് അല്‍ നിമാ ചാനലില്‍ നിന്നും രാജിവെച്ചത്. രാജി കത്ത് ബന്ധപ്പെട്ടവര്‍ക്ക് കൈമാറിയതിന് ശേഷമാണ് താന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിടുന്നതെന്ന് അല്‍ നിമ പറയുന്നു. ഇഷ്ടപ്പെട്ട് തിരഞ്ഞെടുത്ത ജോലിയായിരുന്നു ഇതെന്നും പ്രധാനപ്പെട്ട മീഡിയ ഹൗസിന്റെ ഭാഗമായ ചാനലില്‍ ജോലി കിട്ടിയപ്പോള്‍ സന്തോഷിച്ചിരുന്നുവെന്നും അവര്‍ കുറിച്ചു. ആദ്യ വാര്‍ത്ത തന്നെ അവിടെ ജോലി ചെയ്യുന്നവരെ അപാമനകരമായ സാഹചര്യത്തിലാണ് എത്തിച്ചിരിക്കുന്നത്. ഇത് ഒരു അളവോളം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇത്രക്കു തരം താഴ്ന്ന രീതിയില്‍ ആകുമെന്ന് കരുതിയിരുന്നില്ല.

കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് താന്‍ ചാനലില്‍ ജോയിന്‍ ചെയ്തത്. ആ ഘട്ടത്തില്‍ തന്നെ 5 റിപ്പോര്‍ട്ടര്‍മാരെ ഉള്‍പ്പെടുത്തി ഒരു ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ രൂപീകരിച്ചിരുന്നു. ആ സംഘത്തിലേക്ക് തന്നെയും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ താന്‍ അതിന് തയ്യാര്‍ അല്ല എന്ന് അറിയിച്ചിരുന്നു. ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ ഉദ്ദേശങ്ങള്‍ തന്റെ പ്രതീക്ഷയിലെ മാധ്യമ പ്രവര്‍ത്തനം അല്ല എന്ന് അപ്പോള്‍ തന്നെ തോന്നിയതിനാലാണ് അങ്ങനെ പറഞ്ഞതെന്നും അല്‍ നിമ പറയുന്നു.

മന്ത്രി എ കെ ശശിന്ദ്രനുമായി ബന്ധപ്പെട്ട വിവാദ വാര്‍ത്ത, ചാനല്‍ പുറത്ത് വിട്ടപ്പോളാണ് താനും അറിഞ്ഞത്. എന്നാല്‍ വലിയ ചാനല്‍ ബ്രേക്കിങ് ഉണ്ടാകുമെന്ന് സൂചന നല്‍കിയിരുന്നു. പക്ഷേ ഇങ്ങനെ ഒരു വാര്‍ത്ത ആണെന്ന് അറിയില്ലായിരുന്നു. തുടക്കത്തിലെ ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരണ സമയത്ത് പറഞ്ഞ കാര്യങ്ങളുമായി ചേര്‍ത്ത് ആലോചിച്ചപ്പോഴാണ് ഇതിലെ ശരികേട് പൂര്‍ണമായും ബോധ്യപ്പെട്ടത്.

മനസ്സില്‍ പല ചോദ്യങ്ങളും ഉണ്ട്. ആരാണ് ആ പരാതിക്കാരിയായ സ്ത്രീ?, എന്ത് പരാതി പറയാനാണ് അവര്‍ ഗതാഗത മന്ത്രിയെ സമീപിച്ചത് ?, ഫോണിന്റെ മറുതലക്കല്‍ ഉള്ള ആ സ്ത്രീയുടെ സംഭാഷണം എന്തിനാണ് എഡിറ്റ് ചെയ്ത് മാറ്റിയത്?. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം എല്ലാവരെയും പോലെ തനിക്കും അറിയാന്‍ ആഗ്രഹമുണ്ടെന്ന് അല്‍ നിമ പറയുന്നു.

താന്‍ പഠിക്കുമ്പോഴും ജോലി ചെയ്ത് തുടങ്ങിയപ്പോഴും മാധ്യമ പ്രവര്‍ത്തനത്തെ കുറിച്ച് തനിക്ക് ഉണ്ടായിരുന്ന സങ്കല്‍പങ്ങള്‍ ഏതായാലും ഇവിടെ ഇപ്പോള്‍ നടക്കുന്നത് അല്ല. ഇവിടുന്ന് പുറത്ത് ഇറങ്ങിയാലും യഥാര്‍ത്ഥ ജേര്‍ണലിസം ചെയ്യാന്‍ ആകുമെന്ന പ്രതീക്ഷ ഉണ്ടെന്നും അവര്‍ കുറിച്ചു.

Top