തിരുവനന്തപുരം: വിവാദ വാര്‍ത്തയുമായി ബന്ധപ്പെട്ട് ചാനല്‍ പൊതു സമൂഹത്തോട് മാപ്പു പറഞ്ഞെങ്കിലും ജാമ്യമില്ലാ വകുപ്പ് പ്രകാരം നടപടി ശക്തമാക്കി അന്വേഷണ സംഘം.
സംഭാഷണം പുറത്തുവിട്ട ചാനല്‍ സിഇഒ അടക്കം ഒമ്പതുപേര്‍ക്കെതിരെ രണ്ട് കേസുകളാണ് ഇതിനകം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഭിഭാഷകയുടേയും എന്‍സിപി യുവജനവിഭാഗം നേതാവിന്റെയും പരാതിയിലാണ് കേസ്.
ഐടി ആക്ട്, ഗൂഢാലോചന, ഇലക്ട്രോണിക് മാധ്യമത്തിന്റെ ദുരുപയോഗം കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം പൂര്‍ത്തീകരിച്ച് എത്രയും പെട്ടന്ന് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു.
ഗൂഡാലോചന മുതല്‍ എല്ലാ കാര്യങ്ങളും അന്വേഷിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
കേസന്വേഷണത്തില്‍ യാതൊരുവിധ ഇടപെടലും അനുവദിക്കില്ലന്ന് മുഖ്യമന്ത്രിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പൊലീസ് അന്വേഷണം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ മംഗളം ചാനലില്‍ കൂടി സി ഇ ഒ അജിത്ത് കുമാര്‍ ഖേദപ്രകടനം നടത്തിയിരുന്നു.
മുന്‍പ് ചില ചാനല്‍ ചര്‍ച്ചകളില്‍ സ്വീകരിച്ച നിലപാടിന് വിരുദ്ധമായാണ് തങ്ങള്‍ തന്നെ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലാണ് മന്ത്രി കുടുങ്ങിയതെന്ന് അജിത്ത് കുമാര്‍ വ്യക്തമാക്കിയത്.
സ്വയം തയ്യാറായി വന്ന മാധ്യമ പ്രവര്‍ത്തകയാണ് ‘ഓപ്പറേഷന്‍’ നടത്തിയതെന്നും ആരെയും നിര്‍ബന്ധിച്ചിട്ടില്ലന്നുമുള്ള സി ഇ ഒയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മാധ്യമ പ്രവര്‍ത്തകയെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട എട്ടംഗ എഡിറ്റോറിയല്‍ ടീമാണ് സ്റ്റിംഗ് ഓപ്പറേഷന് നേതൃത്വം നല്‍കിയതെന്ന് വ്യക്തമായതിനാല്‍ ഇവരേയും വിശദമായി ചോദ്യം ചെയ്യും.
അന്വേഷണ പുരോഗതി മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് വിലയിരുത്തുന്നത്.