ഡല്‍ഹി: ആകാശ എയര്‍ കടുത്ത പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. പൈലറ്റുമാര്‍ കൂട്ടരാജി വച്ചതോടെ സര്‍വീസുകള്‍ പലതും മുടങ്ങിയ സാഹചര്യമാണുള്ളത്. രാജിവച്ച പൈലറ്റ്മാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കമ്പനി ദില്ലി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
അതേ സമയം കമ്പനി അടച്ചുപൂട്ടലിലേക്ക് എന്ന വാര്‍ത്തകള്‍ തള്ളി കമ്പനി സിഇഒയും രംഗത്തെത്തിയിട്ടുണ്ട്. കമ്പനിയുടെ സാമ്പത്തിക നില ഭദ്രമെന്ന് വിനയ് ദുബെ വ്യക്തമാക്കി. തൊഴിലാളികള്‍ക്ക് അയച്ച ഇമെയിലില്‍ ആണ് ഇക്കാര്യം പറയുന്നത്.
ഇന്ത്യയിലെ ഏറ്റവും ചെലവ് കുറഞ്ഞ വിമാന യാത്ര വാഗ്ദാനം ചെയ്തുകൊണ്ടാണ് രാകേഷ് ജുന്‍ജുന്‍വാലയുടെ ആകാശ എയര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. മുംബൈയില്‍ നിന്നും അഹമ്മദാബാദിലേക്കായിരുന്നു ആകാശയുടെ കന്നിയാത്ര. കഴിഞ്ഞ വര്‍ഷം ജൂലൈ 22 നാണ് ആകാശ ബുക്കിങ് ആരംഭിച്ചത്.
ഇന്‍ഡിഗോ, ഗോ ഫസ്റ്റ് പോലെ കുറഞ്ഞ നിരക്കിലുള്ള വിമാനങ്ങള്‍ ഈടാക്കുന്ന അതെ നിരക്കാണ് തുടക്കത്തില്‍ ആകാശ ഈടാക്കുന്നത്. എന്നാല്‍ കന്നിയാത്ര കഴിഞ്ഞാല്‍ ആകാശ നിരക്കുകള്‍ കുറച്ചേക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ആകാശയുടെ മുംബൈ-അഹമ്മദാബാദ് ഫ്‌ലൈറ്റ് ടിക്കറ്റിന് 3,000 രൂപയാണ്, ഇന്‍ഡിഗോ, ഗോഫസ്റ്റ് എന്നിവയേക്കാള്‍ 10 ശതമാനം നിരക്ക് കുറവാണു ആകാശ വാഗ്ദാനം ചെയ്തത്. അള്‍ട്രാ ലോ കോസ്റ്റ് എയര്‍ലൈന്‍സ് എന്നാണ് ഉടമകള്‍ ‘അകാസാ’ എയറിനെ വിശേഷിപ്പിച്ചത്.