ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഓള്‍റൗണ്ടര്‍മാരായ ശിവം ദുബെയെയും ഹാര്‍ദിക് പാണ്ഡ്യയെയും ഉള്‍പ്പെടുത്തണമെന്ന് മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ദുബെയുടെ ആക്രമണ ശൈലി മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിംഗിനെ ഓര്‍മ്മിപ്പിക്കുന്നു. താരത്തെ ലോവര്‍ ഓര്‍ഡറില്‍ കളിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘ആദ്യ രണ്ട് മത്സരങ്ങളിലും സിക്‌സറുകള്‍ പറത്തിയ രീതിയില്‍ നിന്ന് അവന്റെ കരുത്ത് പ്രകടമായിരുന്നു. ഹാര്‍ദിക്കിനെ ഒഴിവാക്കി ദുബെയെ തെരഞ്ഞെടുക്കണമെന്ന് ചിലര്‍ പറയുന്നുണ്ട്. ടി20 ലോകകപ്പ് ടീമില്‍ ഹാര്‍ദിക്കും ദുബെയും ഉണ്ടായിരിക്കണമെന്ന കാര്യത്തില്‍ സംശയമില്ല. രണ്ടു പേരും ടീം വേണമെന്നാണ് ഞാന്‍ പറയുന്നത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളെ അടിസ്ഥാനമാക്കി ശിവം ദുബെ ഒരു യഥാര്‍ത്ഥ മത്സരാര്‍ത്ഥിയാണ്. ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ ഇരട്ടി മധുരമാവും’- ചോപ്ര.
‘അഫ്ഗാനിസ്ഥാനെതിരായ മൂന്നാം മത്സരത്തില്‍ ദുബെയെ അല്‍പ്പം നേരത്തെ അയച്ചതായി തോന്നി. സഞ്ജു സാംസണെയോ റിങ്കു സിങ്ങിനെയോ അയയ്ക്കാമായിരുന്നു. കാരണം ശിവം ഒരു ഗ്രാഫ്റ്ററല്ല, ആക്രമണകാരിയാണ്. അവന്‍ യുവിയെ ഓര്‍മ്മിപ്പിക്കുന്നു. ബാറ്റിംഗ് ഓര്‍ഡറില്‍ മാറ്റം വരുത്തി, ലോവര്‍ ഓര്‍ഡറില്‍ കളിപ്പിക്കണം’ – ചോപ്ര പറഞ്ഞു.