അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ട്വന്റി 20യില്‍ വിരാട് കോലി അഗ്രസീവായി ബാറ്റ് ചെയ്തതില്‍ മുന്നറിയിപ്പുമായി ആകാശ് ചോപ്ര

ഇന്‍ഡോര്‍: ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ട്വന്റി 20യില്‍ അഗ്രസീവായി ബാറ്റ് ചെയ്തതില്‍ ഞെട്ടല്‍ രേഖപ്പെടുത്തി ആകാശ് ചോപ്ര. അതിവേഗം സ്‌കോര്‍ ചെയ്യാന്‍ കോലി ശ്രമിക്കുന്നത് താരത്തിന്റെ സ്ഥിരതയെ മോശമായി ബാധിക്കുമെന്നാണ് ചോപ്രയുടെ നിരീക്ഷണം. ട്വന്റി 20 ലോകകപ്പ് ഈ വര്‍ഷം വരാനിരിക്കേയാണ് കോലിക്ക് ചോപ്രയുടെ മുന്നറിയിപ്പ്.

അഫ്ഗാനെതിരെ ആദ്യ ടി20യില്‍ കളിക്കാതിരുന്ന വിരാട് കോലി രണ്ടാം മത്സരത്തില്‍ 16 പന്തില്‍ അഞ്ച് ബൗണ്ടറികളോടെ 29 റണ്‍സ് പേരിലാക്കി. നവീന്‍ ഉള്‍ ഹഖിന്റെ പന്തില്‍ ഇബ്രാഹിം സദ്രാന് ക്യാച്ച് നല്‍കിയായിരുന്നു മടക്കം. രാജ്യാന്തര ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ പുരുഷ താരമായ വിരാട് കോലി 116 മത്സരങ്ങളില്‍ 52.42 ശരാശരിയിലും 138.20 സ്‌ട്രൈക്ക്‌റേറ്റിലും 4037 റണ്‍സ് നേടിയിട്ടുണ്ട്. ഒരു സെഞ്ചുറിയും 37 അര്‍ധസെഞ്ചുറിയും കോലിയുടെ പേരിലുണ്ട്.

ഒരു വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വിരാട് കോലി അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ട്വന്റി 20യിലൂടെ കുട്ടിക്രിക്കറ്റിലേക്ക് തിരിച്ചുവന്നത്. മത്സരത്തില്‍ രോഹിത് ശര്‍മ്മയെ പൂജ്യത്തില്‍ ടീം ഇന്ത്യക്ക് നഷ്ടമായെങ്കിലും കോലി ആക്രമിച്ച് കളിക്കുകയായിരുന്നു. ഇതിനോട് ആകാശ് ചോപ്രയുടെ പ്രതികരണം ഇങ്ങനെ. ‘രാജ്യാന്തര ട്വന്റി 20യില്‍ വിരാട് കോലി 140നടുത്ത് പ്രഹരശേഷിയില്‍ 4000ത്തിലേറെ റണ്‍സ് നേടിയിട്ടുണ്ട്. ഇതേ സ്‌ട്രൈക്ക് റേറ്റില്‍ കോലി കളിക്കുന്നത് നല്ലതാണ്. എന്നാല്‍ ഇങ്ങനെ ആക്രമിച്ച് കളിക്കുന്നത് തുടരാന്‍ ശ്രമിച്ചാല്‍ അദേഹത്തിന് സ്ഥിര നഷ്ടമാകും. അത് ഒരു ആരാധകന്‍ എന്ന നിലയില്‍ എന്നെ നിരാശനാക്കുന്ന കാര്യമാണ്’ എന്നുമാണ് ആകാശ് ചോപ്രയുടെ വാക്കുകള്‍.

Top