കണ്ണൂര്‍: വിയ്യൂരില്‍ ജയിലറെ ആക്രമിച്ച കേസില്‍ ആകാശ് തില്ലങ്കേരിയുടെ കാപ്പ ഒഴിവാക്കി. സെപ്തംബര്‍ 13നാണ് ആകാശിനെതിരെ രണ്ടാമതും കാപ്പ ചുമത്തിയത്. ആഭ്യന്തരവകുപ്പാണ് കാപ്പ ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവിറക്കിയത്. ജയിലറെ ആക്രമിച്ച കേസ് കാപ്പ ചുമത്താന്‍ പര്യാപ്തമല്ലെന്ന് ഉത്തരവില്‍ പറയുന്നു.
വധക്കേസുകളിലും ക്വട്ടേഷന്‍ കേസുകളിലും പ്രതിയായ ആകാശ് തില്ലങ്കേരിക്കെതിരെ ആദ്യം കാപ്പ ചുമത്തിയത് കഴിഞ്ഞ ഫെബ്രുവരിയിലാണ്. തുടര്‍ന്ന് ആകാശിനെ വിയ്യൂര്‍ ജയിലില്‍ അടച്ചു. ആറ് മാസം തടവ് പൂര്‍ത്തിയാക്കി ഓഗസ്റ്റ് 27ന് ആകാശ് പുറത്തിറങ്ങി.
സെപ്തംബര്‍ 13ന് കണ്ണൂരിലെ വീട്ടില്‍ മകളുടെ പേരിടല്‍ ചടങ്ങിനിടെ വീണ്ടും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. വിയ്യൂരില്‍ ഫോണ്‍ ഉപയോഗം ചോദ്യം ചെയ്ത ജയിലറെ മര്‍ദിച്ച കേസ് ചൂണ്ടിക്കാട്ടിയായിരുന്നു കാപ്പ ചുമത്തല്‍. ഇതിനെതിരെ കുടുംബം നല്‍കിയ അപ്പീലിലാണ് കാപ്പ റദ്ദാക്കിയുളള തീരുമാനം.
ജയിലിന് അകത്ത് നടന്ന സംഭവമായതിനാല്‍ കാപ്പ ചുമത്താന്‍ കേസ് പര്യാപ്തമല്ലെന്നാണ് സെപ്തംബര്‍ 27ന് ഇറക്കിയ ഉത്തരവിലുളളത്. ഇതോടെ ആകാശ് ജയില്‍ മോചിതനായി.ജയിലില്‍ ഫോണ്‍ ഉപയോഗിച്ചെന്ന സംശയത്തെത്തുടര്‍ന്ന് ചോദ്യം ചെയ്യാന്‍ വിളിച്ച ജയിലറെയാണ് ആകാശ് തില്ലങ്കേരി മര്‍ദ്ദിച്ചത്.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ചായിരുന്നു സംഭവം. അസി. ജയിലര്‍ രാഹുലിനാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തെ തുടര്‍ന്ന് രാഹുല്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. കൂടാതെ ആകാശ് തില്ലങ്കരിക്കെതിരെ വിയ്യൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.