മീ ടൂ ആരോപണം; എം.ജെ. അക്ബറിനെതിരെ കൊളംബിയന്‍ മാധ്യമപ്രവര്‍ത്തക

MJ-AKBAR

ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറിനെതിരെ പുതിയ ആരോപണം ഉയരുന്നു. അക്ബര്‍ ഉപദ്രവിച്ചെന്ന തരത്തിലുള്ള ആരോപണവുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത് കൊളംബിയന്‍ മാധ്യമപ്രവര്‍ത്തകയാണ്.

അതേസമയം, മീ ടൂ കാമ്പയിനിലൂടെ ആരോപണം നേരിടുന്ന കേന്ദ്രവിദേശ സഹമന്ത്രി എം.ജെ. അക്ബറിന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ആരോപണങ്ങള്‍ക്ക് അദ്ദേഹം തൃപ്തികരമായ മറുപടി നല്‍കണമെന്നും അല്ലെങ്കില്‍ മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്പാല്‍ റെഡ്ഡിയാണ് ആവശ്യമുന്നയിച്ചത്.

ഏഷ്യന്‍ഏജ് മുന്‍ മാധ്യമപ്രവര്‍ത്തക ഉള്‍പ്പെടെ അക്ബറിനെതിരെ കൂടതല്‍ പേര്‍ ആരോപങ്ങളുമായി എത്തിയ സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയത്.

‘മീ ടൂ’ കാമ്പയിന്റെ ഭാഗമായി ലൈവ്മിന്റ് നാഷണല്‍ ഫീച്ചേഴ്‌സ് എഡിറ്റര്‍ പ്രിയ രമണിയും അക്ബറിനെതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. മുന്‍ മാധ്യമപ്രവര്‍ത്തകനായ അക്ബര്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ തന്റെ ഹോട്ടല്‍ മുറിലേക്ക് അഭിമുഖത്തിനായി വിളിച്ചു വരുത്തിയെന്നും മോശമായ രീതിയില്‍ പെരുമാറിയെന്നുമായിരുന്നു ആരോപണം.

Top