മുംബൈ: ആരാധനാലയങ്ങള്‍ മോടിപിടിപ്പിക്കാന്‍ 10 കോടി രൂപ ആവശ്യപ്പെട്ട് എ.ഐ.എം.ഐ.എം നേതാവ് അക്ബറുദ്ദീന്‍ ഒവൈസി. ഹൈദരാബാദ് നഗരത്തിലെ പ്രധാന ആരാധനാലയങ്ങളായ അഫ്‌സല്‍ഗുഞ്ജ് പള്ളിയും സിംഹ വാഹിനി മഹാകാളി ക്ഷേത്രവും മോടിപിടിപ്പിക്കാനാണ് അദ്ദേഹം സഹായം ആവശ്യപ്പെട്ടത്.
അതേസമയം തങ്ങളുടെ ആവശ്യങ്ങള്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു അംഗീകരിച്ചതായാണ് ഒവൈസി വ്യക്തമാക്കുന്നത്. മാത്രമല്ല ആവശ്യങ്ങള്‍ക്കുള്ള പണം ഉടനേ അനുവദിക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
ക്ഷേത്രത്തില്‍ എത്തുന്ന ഭക്തര്‍ സ്ഥലപരിമിതി മൂലം വളരെയധികം കഷ്ടപ്പെടുന്നുണ്ട്. എന്നിട്ടും ജനങ്ങള്‍ അവിടെ വന്ന് ദര്‍ശനം നടത്തുന്നു. അങ്ങനെയുള്ളപ്പോള്‍ അവര്‍ക്ക് വേണ്ട സഹായം ചെയ്ത് കൊടുക്കണമെന്നാണ് അക്ബറുദ്ദീന്‍ ഒവൈസി പറയുന്നത്. ഏറെ ചരിത്ര പ്രാധാന്യമുള്ള ക്ഷേത്രമാണ് സിംഹവാഹിനി മഹാകാളി ക്ഷേത്രം. നൂറ് സ്‌ക്വയര്‍ യാര്‍ഡ് ഏരിയയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇത്തരത്തില്‍ ഇടുങ്ങിയ സ്ഥലം ഭക്തര്‍ക്ക് വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഒവൈസി സമര്‍പ്പിച്ച നിവേദനത്തില്‍ പറയുന്നു. ക്ഷേത്രത്തിന്റെ വിപുലീകരണമാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, അഫ്‌സല്‍ഗുഞ്ച് മോസ്‌കിന്റെ നവീകരണത്തിനായി മൂന്ന് കോടിയാണ് ഒവൈസി ആവശ്യപ്പെട്ടിരിക്കുന്നത്. മോസ്‌കിലെ മോശം അവസ്ഥ മൂലം പ്രാര്‍ത്ഥനയ്ക്ക് തടസ്സം നേരിടുന്നുണ്ടെന്ന് ഒവൈസി പറയുന്നു. അക്ബറുദ്ദീന്‍ ഒവൈസിയുടെ അഭ്യര്‍ത്ഥന മാനിച്ച് രണ്ട് ആരാധനാലയങ്ങളുടെയും വിഷയത്തില്‍ അനുകൂലമായ നടപടി എടുക്കാന്‍ ചീഫ് സെക്രട്ടറി സോമേഷ് കുമാറിനോട് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.