ഡൽഹി: എകെജി സെന്റര്‍ ആക്രമണത്തെ അപലപിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രകോപനങ്ങളില്‍ വീഴരുതെന്നും പ്രതിഷേധം സമാധാനപരമായിക്കണമെന്നും യെച്ചൂരി പറഞ്ഞു. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് ഉറപ്പുണ്ടെന്നും സീതാറാം യെച്ചൂരി കൂട്ടിച്ചേർത്തു.
അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങടക്കം അന്വേഷണസംഘം പരിശോധിച്ചുവരികയാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തുന്നതിനായാണ് തങ്ങള്‍ കാത്തിരിക്കുന്നത്. അതിനിടെ ആരോപണങ്ങളും പ്രത്യാരോപണങ്ങളും എന്ത് തന്നെയായാലും തങ്ങള്‍ സംയമനം പാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മഹാനായ എ കെ ജിയും അദ്ദേഹത്തിന്റെ നാമധേയത്തിലുള്ള ഓഫീസും പുരോഗമന പ്രസ്ഥാനങ്ങളും ജനങ്ങളാകെയും ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്ന വികാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു.
ആ വൈകാരികതയെ കുത്തിനോവിക്കാനാണ് ശ്രമമുണ്ടായിരിക്കുന്നത്. അതിനു പിന്നിലെ ഗൂഢലക്ഷ്യം തിരിച്ചറിഞ്ഞ്, ഒരു പ്രകോപനങ്ങളിലും വീഴാതെ ശ്രദ്ധിക്കണമെന്ന് പാര്‍ട്ടിയെയും ഇടതുപക്ഷത്തെയും സ്‌നേഹിക്കുന്ന എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നെന്നും മുഖ്യമന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു. സി പി ഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്ററിനു നേരെ ഉണ്ടായ ആക്രമണത്തെ അപലപിക്കുന്നു. കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പൊലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.