എ കെ ജി സെന്റര്‍ ആക്രമണം: ഒന്നില്‍ കൂടുതല്‍ പേര്‍ക്ക് പങ്കെന്ന് സൂചന

തിരുവനന്തപുരം: സി പി എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്ററില്‍ സ്ഫോടനവസ്തു എറി‌ഞ്ഞ സംഭവത്തില്‍ അക്രമിയ്ക്ക് മറ്റൊരാളുടെ സഹായം ലഭിച്ചതായി പൊലീസിന് സൂചന. സിസിടിവി ദൃശ്യങ്ങള്‍ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.

സ്ഫോടനം നടത്തുന്നതിന് മുന്‍പ് മറ്റൊരു സ്കൂട്ടറില്‍ വന്നയാള്‍ അക്രമിയ്ക്ക് ഒരു കവര്‍ കൈമാറുന്നതും സംസാരിക്കുന്നതുമായ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. കുന്നുകുഴി ഭാഗത്തെ സിസിടിവിയില്‍ നിന്ന് സൂചന ലഭിച്ചുവെന്നാണ് വിവരം.

അതേസമയം, പ്രകോപനപരമായി ഫേസ്ബുക്ക് പോസ്റ്റിട്ട കാട്ടായിക്കോണം സ്വദേശിയെ കമ്മീഷണര്‍ ഓഫീസില്‍ ചോദ്യം ചെയ്തു വരികയാണ്. എന്നാല്‍ ഇയാള്‍ക്ക് സംഭവുമായി ബന്ധമുണ്ടെന്ന് കരുതുന്ന തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് വിവരം.

എകെജി സെന്ററിന് സമീപത്തെ 70ഓളം സിസിടിവി ക്യാമറകള്‍ പൊലീസ് പരിശോധിച്ചിരുന്നു. എന്നാല്‍ ഇവയില്‍ നിന്ന് അക്രമിയെക്കുറിച്ചുള്ള സൂചനകളൊന്നും ലഭിച്ചിരുന്നില്ല. എകെജി സെന്റര്‍ ആക്രമിക്കുമെന്ന് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവച്ച 20ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസിന്റെ നിരീക്ഷണത്തിലാണ്.

Top