എകെജി സെന്റർ ആക്രമണം: ‘കലാപശ്രമത്തിന്റെ ഭാഗം’ – പി രാജീവ്

തിരുവനന്തപുരം: എ കെ ജി സെന്ററിന് നേരെ നടന്ന ബോംബേറ് കലാപത്തിനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് പ്രതിപക്ഷനേതാവും കെ പി സി സി പ്രസിഡന്റും സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പുതിയ നേതൃത്വത്തിന്റെ കീഴില്‍ കോണ്‍ഗ്രസ് കൂടുതല്‍ അക്രമോത്സുകമാകുന്നു എന്നതിന് തെളിവാണ് എകെജി സെന്ററിന് നേരെ നടന്ന ആക്രമണം പ്രകോപനങ്ങളില്‍ കുടുങ്ങരുതെന്ന് സി പി ഐ എം പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

അതേസമയം, എ കെ ജി സെന്ററിന് നേരെയുണ്ടായ ആക്രമണം നടത്തിയ ആളെ കണ്ടെത്തുകതന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവനയിൽ പറഞ്ഞു . കുറ്റവാളിയേയും അതിന് പിന്നിലുള്ളവരേയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരും.

ആക്രമണം നടന്ന സ്ഥലം മുഖ്യമന്ത്രി രാവിലെ സന്ദര്‍ശിച്ചിരുന്നു. അതിനുശേഷം എകെജി സെന്ററില്‍ യോഗവും ചേര്‍ന്നു. ഇന്നലെ രാത്രിയാണ് എ കെ ജി സെന്‍ററില്‍ ആക്രമണം ഉണ്ടായത്. എകെജി സെന്ററിന്‍റെ അടുത്തുകൂടി കുന്നുകുഴി ഭാഗത്തേക്ക് പോകുന്ന റോഡില്‍ നിന്നും സ്കൂട്ടറില്‍ വന്ന ഒരാള്‍ സ്ഫോടക വസ്തു എറിയുകയായിരുന്നു.

സ്ഫോടക വസ്തു എറിഞ്ഞ ശേഷം അക്രമി വളരെ വേഗത്തില്‍ വാഹനത്തില്‍ പോകുന്നതും സി സി ടി വി ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ എ കെ ജി സെന്ററിന് നേരെ ഉണ്ടായ ആക്രമണത്തെ തുടര്‍ന്ന് അക്രമിയെ കണ്ടെത്താന്‍ പരിശോധന വ്യാപകമാക്കി പൊലീസ്. അക്രമം നടന്ന് 12 മണിക്കൂറിന് ശേഷവും അക്രമി കണ്ടെത്താനാകാത്തത് പൊലീസിന്റെ വന്‍ വീഴ്ചയെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് പരിശോധന വ്യാപകമാക്കിയത്.

Top