എ.കെ.ജി സെന്റർ ആക്രമണം: ഇ.പി ജയരാജനും പി.കെ ശ്രീമതിക്കുമെതിരെ ഹരജി

കെജി സെന്ററിന് നേരെയുണ്ടായ ബോംബേറിൽ ഇ പി ജയരാജനും പി കെ ശ്രീമതിക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി. കലാപാഹ്വാനം, ഗൂഢാലോചന എന്നിവയ്ക്ക് കേസെടുക്കണമെന്നാണ് ആവശ്യം. തിരുവനന്തപുരം ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിൽ പൊതു പ്രവർത്തകനായ പായ്ച്ചിറ നവാസാണ് ഹരജി നൽകിയത്. ഹരജിയിൽ തിങ്കളാഴ്ച വാദം കേൾക്കും. പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനെതുടർന്നാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. എകെജി സെന്റർ ആക്രമണം ഇപി ജയരാജന്റെ സൃഷ്ടിയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു.

അതേസമയം എ.കെ.ജി സെന്ററിനുനേരെ സ്ഫോടകവസ്തു എറിഞ്ഞ സംഭവത്തിന് ഒരു മാസം പിന്നിട്ടിട്ടും ആക്രമണത്തിനു പിന്നിലെ പ്രതികളെ പിടികൂടാൻ അന്വേഷണ സംഘത്തിനായിട്ടില്ല. ക്രൈംബ്രാഞ്ച് അന്വേഷണണ പുരോഗതിയിലും വ്യക്തതയില്ല. പ്രത്യേക സംഘത്തിൽനിന്ന് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് നിലവിൽ ശേഖരിച്ച തെളിവുകളും മൊഴികളും പരിശോധിക്കുകയാണ്. പ്രതിയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നു മാത്രമല്ല, തുടങ്ങിയ ഇടത്തുതന്നെ നിൽക്കുകയാണ് അന്വേഷണം.

 

Top